നാട്യങ്ങളില്ലാത്ത നന്മയുടെ നിറകുടം, ആ നിഷ്‌കളങ്കമായ ചിരി ഒരിക്കലും മായില്ല.. തീരാനഷ്ടം: മോഹന്‍ലാല്‍

നാട്യങ്ങളില്ലാത്ത നന്മയുടെ നിറകുടമായിരുന്നു മാമുക്കോയയെന്ന് മോഹന്‍ലാല്‍. ഒരുപാട് സിനിമകളില്‍ മോഹന്‍ലാലും മാമുക്കോയയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഒന്നിച്ച് അഭിനയിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ടുള്ള കുറിപ്പാണ് മോഹന്‍ലാല്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

മോഹന്‍ലാലിന്റെ കുറിപ്പ്:

നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയ. മലബാര്‍ ശൈലിയെ തനിമ ചോരാതെ തികച്ചും സ്വാഭാവികമായി ഈ അതുല്യപ്രതിഭ വെള്ളിത്തിരയില്‍ അവതരിപ്പിച്ചു. ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമ മുതല്‍ അടുത്തിടെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഓളവും തീരവും വരെ എത്രയെത്ര ചിത്രങ്ങളിലാണ് ഒന്നിച്ചഭിനയിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായത്.

ആ നിഷ്‌കളങ്കമായ ചിരി ഒരിക്കലും മായാതെ എന്നെന്നും മനസില്‍ നിറഞ്ഞുനില്‍ക്കും. മലയാള സിനിമയ്ക്ക് തീരാനഷ്ടമായി മാറിയ അദ്ദേഹത്തിന്റെ വേര്‍പാടില്‍ ആദരാഞ്ജലികള്‍…

ഇന്ന് ഉച്ചയ്ക്ക് 1.05ന് ആണ് മാമുക്കോയ അന്തരിച്ചത്. 1979ല്‍ പുറത്തിറങ്ങിയ അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് മാമുക്കോയയുടെ സിനിമയിലെ രംഗപ്രവേശം. യു എ ഖാദറിന്റെ തിരക്കഥയില്‍ നിലമ്പൂര്‍ ബാലന്‍ സംവിധാനം ചെയ്ത ചിത്രം.

തുടര്‍ന്ന് അവസരങ്ങളൊന്നും ലഭിക്കാതെ അഞ്ച് വര്‍ഷം പിന്നിട്ട അദ്ദേഹത്തിന് അടുത്ത സിനിമയിലേക്ക് അവസരം വാങ്ങി കൊടുത്തത് വൈക്കം മുഹമ്മദ് ബഷീര്‍ ആണ്. പി.എ മുഹമ്മദ് കോയയുടെ സുറുമയിട്ട കണ്ണുകള്‍ എന്ന നോവലിന്റെ അതേ പേരിലുള്ള സിനിമയായിരുന്നു അത്. എസ് കൊന്നനാട്ട് ആയിരുന്നു സംവിധാനം.

നാല്‍പത് വര്‍ഷത്തിലേറെ നീണ്ട അഭിനയ ജീവിതത്തില്‍ 450ല്‍ ഏറെ സിനിമകളില്‍ അഭിനയിച്ചു. പെരുമഴക്കാലത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് മികച്ച കൊമോഡിയനുള്ള പുരസ്‌കാരവും ലഭിച്ചു.