സിന്ദൂരം ധരിക്കുന്നത് പാരമ്പര്യം മാത്രമല്ല, അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായി കൂടിയാണ്: മോഹന്‍ലാല്‍

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാക്കിസ്ഥാന് നല്‍കിയ തിരിച്ചടിയെ പ്രശംസിച്ച് മോഹന്‍ലാല്‍. പാരമ്പര്യത്തിന്റെ മാത്രമല്ല ദൃഢനിശ്ചയത്തിന്റെ കൂടി പ്രതീകമായിട്ടാണ് ഇന്ത്യക്കാര്‍ സിന്ദൂരത്തെ കാണുന്നത്. വെല്ലുവിളിച്ചാല്‍ എന്നത്തേക്കാളും നിര്‍ഭയരും ശക്തരുമായി ഇന്ത്യക്കാര്‍ ഉയരുമെന്നും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇന്ത്യന്‍ സൈനികരെ അഭിനന്ദിച്ചു കൊണ്ടാണ് നടന്റെ കുറിപ്പ്.

”സിന്ദൂരം ധരിക്കുന്നത് ഒരു പാരമ്പര്യം എന്ന നിലയില്‍ മാത്രമല്ല, മറിച്ച് ഞങ്ങളുടെ അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായിട്ടാണ്. ഞങ്ങളെ വെല്ലുവിളിക്കൂ, എന്നത്തെക്കാളും നിര്‍ഭയരും ശക്തരുമായി നമ്മള്‍ ഉയര്‍ത്തെഴുന്നേല്‍ക്കും. കരസേന, നാവികസേന, വ്യോമസേന, ബിഎസ്എഫ് തുടങ്ങി ഇന്ത്യന്‍ സൈന്യത്തിലെ ഓരോ ധീരഹൃദയത്തെയും അഭിവാദ്യം ചെയ്യുന്നു.”

”നിങ്ങളുടെ ധൈര്യം ഞങ്ങളുടെ അഭിമാനത്തിന് ഊര്‍ജ്ജം പകരുന്നു. ജയ് ഹിന്ദ്” എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. നേരത്തെ ഫെയ്‌സ്ബുക്കിന്റെ കവര്‍ ഫോട്ടോ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നാക്കി മോഹന്‍ലാല്‍ മാറ്റിയിരുന്നു. അതേസമയം, ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ ഇന്ന് പുലര്‍ച്ചെ പാക് അധീന കശ്മീരിലെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്താണ് ഇന്ത്യ തിരിച്ചടിച്ചടിച്ചത്.

12 ഭീകരര്‍ കൊല്ലപ്പെട്ടെന്നും 60 ഓളം പേര്‍ക്ക് പരിക്കേറ്റെന്നുമാണ് റിപ്പോര്‍ട്ട്. പാക് അധിനിവേശ കശ്മീരിലും പാക്കിസ്ഥാനിലുമുള്ള ഒന്‍പത് ഭീകരവാദ ക്യാമ്പുകളാണ് സൈന്യം തകര്‍ത്തത്. ഈ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചാണ് ഇന്ത്യയിലേക്കുള്ള തീവ്രവാദ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Read more