ഇത് ആവശ്യമില്ലാത്ത വിവാദമായി പോയി; ബാലയുടെ ആരോപണത്തില്‍ തുറന്നടിച്ച് മിഥുന്‍ രമേശ്

പ്രതിഫലം നല്‍കിയില്ലെന്ന ബാലയുടെ ആരോപണത്തോട് പ്രതികരിച്ച് നടന്‍ മിഥുന്‍ രമേശ്. ഇതൊരു ആവശ്യമില്ലാത്ത വിവാദമായി പോയി എന്നായിരുന്നു മിഥുന്റെ പ്രതികരണം. സംവിധായകന്‍ അനൂപ് പന്തളം പങ്കുവച്ച ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കമന്റ് ആയാണ് മിഥുന്‍ രമേശ് തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.

”നമ്മളെല്ലാരും ഒന്നിച്ചു ഒരു നല്ല സിനിമ വന്നതിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോള്‍ ഇതൊരു ആവശ്യമില്ലാത്ത വിവാദമായി പോയി” എന്നാണ് സംവിധായകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ മിഥുന്‍ രമേശ് കമന്റായി കുറിച്ചിരിക്കുന്നത്. ‘ഷെഫീക്കിന്റെ സന്തോഷം’ സിനിമയില്‍ അഭിനയിച്ച തനിക്ക് പ്രതിഫലം നല്‍കിയില്ല എന്നായിരുന്നു ബാലയുടെ ആരോപണം.

സംവിധായകനും ക്യാമറാമാനും അടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍ക്കും പ്രതിഫലം നല്‍കിയില്ല എന്ന് ബാല ഒരു അഭിമുഖത്തില്‍ പ്രതികരിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. എന്നാല്‍ തനിക്ക് പ്രതിഫലം ലഭിച്ചുവെന്ന് വ്യക്തമാക്കി സംവിധായകന്‍ അനൂപ് പന്തളം രംഗത്തെത്തിയിരുന്നു.

അതേസമയം, തന്റെ ബ്രദറിന്റെ സിനിമയാണ്, അതിന് പ്രതിഫലം വേണ്ട എന്ന് പറഞ്ഞാണ് ബാല അഭിനയിച്ചത് എന്നാണ് ലൈന്‍ പ്രൊഡ്യൂസര്‍ വിനോദ് മംഗലത്ത് വ്യക്തമാക്കിയിരുന്നു. ഡബ്ബിംഗിന്റെ സമയത്ത് പ്രതിഫലത്തെ കുറിച്ച് ചോദിച്ചപ്പോഴും ഇത് തന്നെയാണ് പറഞ്ഞത്. എന്നിട്ടും താന്‍ രണ്ട് ലക്ഷം രൂപ നല്‍കിയെന്നും വിനോദ് പറയുന്നുണ്ട്.

Read more

ബാല നല്‍കിയ അഭിമുഖത്തിനിടെ സിനിമയുടെ ഛായാഗ്രാഹകനായ എല്‍ദോ ഐസക്കിനെ വിളിച്ച് പ്രതിഫലം കിട്ടിയില്ലെന്ന് പറയുന്നത് ലൈവായി ടെലികാസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ എല്‍ദോയും രംഗത്തെത്തിയിരുന്നു. ഈ സിനിമ തനിക്ക് ഏറ്റവും മികച്ച അനുഭവമാണ് തന്നത് എന്നാണ് എല്‍ദോ പ്രതികരിച്ചത്.