'ഷെയ്‌നിനെ വേദനിപ്പിക്കുന്നവര്‍ ഒന്നറിഞ്ഞിരിക്കണം'; പിന്തുണയുമായി മേജര്‍ രവി

നിര്‍മ്മാതാവ് ജോബി ജോര്‍ജ് വധഭീഷണി മുഴക്കിയ സംഭവത്തില്‍ നടന്‍ ഷെയ്ന്‍ നിഗത്തിന് പിന്തുണയുമായി മേജര്‍ രവി. ഷെയ്‌നിന് തന്റെ എല്ലാ പിന്തുണയുമുണ്ടെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മേജര്‍ രവി പറഞ്ഞു.

“അന്തരിച്ച അബിയുടെ മകന്‍ ഷെയ്ന്‍ നിഗത്തിന്റെ വിഡിയോ കാണാന്‍ ഇടയായി. ഷെയ്ന്‍ എന്ന കുട്ടിയെ വേദനിപ്പിക്കുന്നവര്‍ ഒന്നറിഞ്ഞിരിക്കണം അവന്‍ കഠിനപ്രയത്‌നത്തിലൂടെ സ്വയം മുന്നേറിയാണ് ഇവിടെ വരെ എത്തിയത്. കഴിവുള്ള താരങ്ങളെ ഒരിക്കലും നിരുത്സാഹപ്പെടുത്തരുത്. അവരെ പിന്തുണയ്ക്കാന്‍ ആരുമില്ല. മലയാളം ഇന്‍ഡസ്ട്രിക്ക് മോശമായ കാര്യങ്ങള്‍ ചെയ്യരുത്. ഷെയ്‌ന് എന്റെ എല്ലാ പിന്തുണയും. എല്ലാം ശരിയാകും. സ്‌നേഹത്തോടെ മേജര്‍ രവി.” എന്നാണ് കുറിപ്പില്‍ പറയുന്നത്.

ഇന്നലെയാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ് വധഭീഷണി മുഴക്കിയെന്ന് വെളിപ്പെടുത്തി ഷെയ്ന്‍ രംഗത്ത് വന്നത്. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ ഷെയ്ന്‍ താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.