പലരോടും ഞാന്‍ കെഞ്ചി ചോദിച്ചിട്ടുണ്ട്, തമിഴ് സംവിധായകര്‍ കളിയാക്കി, മലയാളി സംവിധാകന്‍ വേണ്ടി വന്നു നല്ലൊരു വേഷം തരാന്‍; 'മഞ്ഞുമ്മല്‍ ബോയ്‌സി'ലെ പൊലീസ്

തമിഴ് സംവിധായകരോട് കെഞ്ചി ചോദിച്ചിട്ടും ഇതുവരെ നല്ലൊരു വേഷം തനിക്ക് ലഭിച്ചിരുന്നില്ലെന്ന് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ചിത്രത്തിലെ പൊലീസ്. തമിഴ് നടന്‍ വിജയ് മുത്തുവിന്റെ അഭിമുഖമാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. തമിഴ് സിനിമകളില്‍ ലഭിക്കാത്ത ഒരു നല്ല വേഷമാണ് തനിക്ക് മലയാളത്തില്‍ ലഭിച്ചത് എന്നാണ് വിജയ് മുത്തു പറയുന്നത്.

”തമിഴില്‍ ഞാന്‍ കാണാത്ത സംവിധായകരില്ല. ഒരുപാട് സിനിമകളില്‍ അഭിനയിച്ചു. അപ്പോഴൊക്കെ, നല്ലൊരു വേഷത്തിനായി പലരോടും കെഞ്ചി ചോദിച്ചിട്ടുണ്ട്. ആരും തന്നില്ല. ഇതിപ്പോള്‍ ഒരു മലയാളി സംവിധായകനാണ് എനിക്ക് നല്ലൊരു വേഷം തന്നത്. എന്നിലെ നടനെ അദ്ദേഹം വിശ്വസിച്ചു.”

”പണമല്ല, ഒരു അഭിനേതാവ് എന്ന നിലയില്‍ കിട്ടുന്ന അംഗീകാരമില്ലേ. ഈ സിനിമയിലൂടെ പ്രേക്ഷകര്‍ എന്നെ നല്ല നടനെന്ന് വിശേഷിപ്പിക്കുന്നു” എന്നാണ് വിജയ് മുത്തു കണ്ണീരോടെ പറയുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സില്‍ ക്രൂരനായ തമിഴ്‌നാട് പൊലീസ് ആയാണ് വിജയ് മുത്തു വേഷമിട്ടത്.

12-ാം വയസിലാണ് സിനിമ എന്ന സ്വപ്‌നം മനസില്‍ കയറിക്കൂടിയത്. 32 വര്‍ഷത്തിന് ശേഷമാണ് നല്ലൊരു റോള്‍ കിട്ടുന്നത്. പല സംവിധായകരും കളിയാക്കിയിട്ടുണ്ട്. അതൊന്നും പറയാന്‍ വാക്കുകളില്ല. അതിനെ കുറിച്ച് ആലോചിക്കുമ്പോഴേ ഇമോഷനല്‍ ആകും എന്നും വിജയ് മുത്തു വ്യക്തമാക്കി.

‘കാക്കമുട്ടൈ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ വിജയ് മുത്തു, ‘വിക്രം വേദ’ സിനിമയില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ‘സര്‍പ്പാട്ടൈ പരമ്പരൈ’, ‘ജയിലര്‍’ എന്നീ ചിത്രങ്ങളിലും ചെറിയ റോളുകളില്‍ വിജയ് മുത്തു അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഏറെ ശ്രദ്ധ നേടുന്നത് മഞ്ഞുമ്മല്‍ ബോയ്‌സിലൂടെയാണ്.