മമ്മൂക്കയാണ് നിര്‍മ്മിക്കുന്നതെന്ന് കേള്‍ക്കുമ്പോള്‍ ആരെങ്കിലും രണ്ടാമതൊന്ന് ചിന്തിക്കുമോ: മഞ്ജു വാര്യര്‍

മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന ഹ്രസ്വ ചിത്രമാണ് ‘ആരോ’. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംവിധായകന്‍ ശ്യാമപ്രസാദ്, മഞ്ജു വാര്യര്‍, അസീസ് നെടുമങ്ങാട് എന്നിവരാണ് മുഖ്യവേഷത്തില്‍ എത്തുന്നത്. ഹ്രസ്വ ചിത്രത്തില്‍ അഭിനയിച്ചതിലുള്ള സന്തോഷം പങ്കുവച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍.

വ്യക്തിപരമായ സന്തോഷമാണിത്. തന്റെ സിനിമാ ജീവിതത്തില്‍ എടുത്തു പറയുന്ന കുറച്ച് കഥാപാത്രങ്ങള്‍ എഴുതിയത് രഞ്ജിത്ത് ആണ്. അദ്ദേഹം ഇങ്ങനെയൊരു ഹ്രസ്വ ചിത്രത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ ഒന്നും ആലോചിക്കേണ്ടി വന്നില്ല. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂക്കയാണ് നിര്‍മ്മിക്കുന്നതെന്ന് കേള്‍ക്കുമ്പോള്‍ ആരെങ്കിലും രണ്ടാമതൊന്ന് ചിന്തിക്കുമോ?

ആദ്യമായാണ് താന്‍ ഒരു ഹ്രസ്വചിത്രത്തിന്റെ ഭാഗമാവുന്നത് എന്നാണ് മഞ്ജു വാര്യര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം, ക്യാപിറ്റോള്‍ തീയേറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം നിര്‍മ്മിച്ചത്. സംവിധായകന്‍ രഞ്ജിത്ത് ഒരിടവേളക്ക് ശേഷം ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

Read more

ദേശീയ, അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങളിലും ഈ ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിക്കും. ഇന്ന് കൊച്ചിയില്‍ വച്ച് നടന്ന പ്രിവ്യു സ്‌ക്രീനിങ്ങില്‍ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഏഴോളം സിനിമകള്‍ നിര്‍മ്മിച്ച മമ്മൂട്ടി കമ്പനി ആദ്യമായാണ് ഒരു ഹ്രസ്വ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.