തെറ്റ് ചെയ്താൽ ശാസിക്കാനുള്ള അധികാരം മണി എനിക്ക് നല്‍കിയിരുന്നു, ഞാന്‍ വഴക്കു പറയുമ്പോള്‍ തലകുനിച്ച് കണ്ണുനിറയ്ക്കുന്ന അദ്ദേഹത്തിന്റെ മുഖം ഇന്നും ഓര്‍മ്മയിലുണ്ട്; മമ്മൂട്ടി

മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത അതുല്ല്യ പ്രതിഭയായിരുന്നു കലാഭവൻ മണി. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത മണിയെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മണിയെ ആദ്യമായി കണ്ട നാളുകളിൽ തനിക്ക് അത്‌ലറ്റ് കാൾ ലൂയിസിനെയാണ് ഓർമ വന്നത്. കാൾ ലൂയിസിന്റെ ശരീരഭാഷയ്ക്ക് വേഗവും ദൂരവും താണ്ടുന്ന ആ കായികതാരത്തിനോട് മണിക്ക് ഒരുപാട് സാമ്യമുണ്ടായിരുന്നെന്നും മമ്മൂട്ടി പറഞ്ഞു.

സ്റ്റാർ ആൻഡ് സ്റ്റൈലിൽ എഴുതിയ കുറിപ്പിലാണ് മമ്മൂട്ടി മണിയെന്ന സ്നേഹിതനെയും സഹപ്രവർത്തകനെക്കുറിച്ചും ഓർമിക്കുന്നത്. കാൾ ലൂയിസിനെപ്പോലുള്ളയാൾ എന്നാണ് മണിയെക്കുറിച്ച് വീട്ടിലെ സംസാരങ്ങളിൽ താൻ പറഞ്ഞിരുന്നതെന്നും മമ്മൂട്ടി പറയുന്നുണ്ട്.  ആൾക്കൂട്ടങ്ങളെ ആവേശം കൊള്ളിക്കാൻ എന്നും മണിയുടെ നാടൻ പാട്ടുകൾക്കായിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ  മലയാളം അറിയാത്തവർ പോലും അദ്ദേഹത്തിന്റെ പാട്ടിനൊത്ത് ചുവടുവയ്ക്കുന്നത് അദ്ഭുതത്തോടെയാണ് താൻ നോക്കി നിന്നിട്ടുള്ളത്.

തൃശ്ശൂർ, ചാലക്കുടി ഭാഗങ്ങളിലെവിടെയെങ്കിലും ഷൂട്ടിങ് നടക്കുന്നതായി അറിഞ്ഞാൽ മണി ലൊക്കേഷനിൽ വരുന്നത് പതിവായിരുന്നു. ആടും കോഴിയുമെല്ലാം കരുതിയിരിക്കും, കൂടെ പാചകത്തിനൊരാളെയും. മണിയും നന്നായി പാചകം ചെയ്യും. തനിക്കിഷ്ടമുള്ളതെല്ലാം ഉണ്ടാക്കിത്തരും. ഒഴിവുസമയങ്ങളിൽ സംസാരത്തിൽ നിറയെ പാട്ടും തമാശയുമൊക്കയായിരിക്കും.

‘ചെറുപ്പത്തിൽ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ നേതാവായിരുന്നുവെന്ന്’സിനിമയിൽ വന്നശേഷം ഒരിക്കൽ മണി തന്നോട് പറഞ്ഞിരുന്നു. അതുകേട്ടപ്പോൾ താൻ ചിരിച്ചൊഴിഞ്ഞെങ്കിലും വിശ്വസിപ്പിക്കാനെന്നോണം മണി കുറേ പഴയ കഥകൾ പറഞ്ഞു. തെറ്റുചെയ്തതായി അറിഞ്ഞാൽ, വിളിച്ച് ശാസിക്കാനുള്ള അധികാരം മണിയെനിക്ക് നൽകിയിരുന്നു. താൻ വഴക്കുപറയുമ്പോൾ തലകുനിച്ച് കണ്ണുനിറയ്ക്കുന്ന മണിയുടെ ചിത്രം ഇന്നും ഓർമയിലുണ്ട്. അവസാന നാളുകളിൽ കണ്ടതിനെക്കുറിച്ചും അദ്ദേഹം കുറിപ്പിൽ പങ്കുവെക്കുന്നുണ്ട്.

അവസാനകാലത്ത് മണിയെ ക്ഷീണിതനായി കണ്ടപ്പോൾ ശാരീരിക ബുദ്ധിമുട്ടുകളെന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. പുതിയ സിനിമയ്ക്കുള്ള ഡയറ്റിങ്ങാണെന്നായിരുന്നു മണിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി. മണി ഇത്ര പെട്ടെന്നു പോകേണ്ട ഒരാളല്ല. പക്ഷേ, കാലം തട്ടിപ്പറിച്ചുകൊണ്ടുപോയി. നമുക്ക് കാണികളായി നിൽക്കാനേ കഴിയൂവെന്നാണ് മമ്മൂട്ടി പറയുന്നത്.