യഥാര്‍ത്ഥ നായകന്മാര്‍ക്ക് സല്യൂട്ട്! രാജ്യത്തിന് അഭിമാനം..; പ്രശംസകളുമായി മമ്മൂട്ടിയും മോഹന്‍ലാലും

രാഷ്ട്രം ആശ്യപ്പെടുമ്പോള്‍ ഇന്ത്യന്‍ ആര്‍മി ഉത്തരം നല്‍കുമെന്ന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ തെളിയിച്ചെന്ന് നടന്‍ മമ്മൂട്ടി. പഹല്‍ഗാമില്‍ നടത്തിയ ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ആര്‍മിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടിയും മോഹന്‍ലാലും മറ്റ് താരങ്ങളും.

”നമ്മുടെ യഥാര്‍ത്ഥ നായകന്മാര്‍ക്ക് സല്യൂട്ട്! രാഷ്ട്രം ആവശ്യപ്പെടുമ്പോള്‍ ഇന്ത്യന്‍ ആര്‍മി ഉത്തരം നല്‍കുമെന്ന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ വീണ്ടും തെളിയിച്ചു. ജീവന്‍ രക്ഷിച്ചതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദി. രാജ്യത്തിന് അഭിമാനം. ജയ് ഹിന്ദ്” എന്നാണ് മമ്മൂട്ടി കുറിച്ചത്.

ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ കവര്‍ ഫോട്ടോ ആക്കിയാണ് മോഹന്‍ലാല്‍ സൈന്യത്തിന് പിന്തണയുമായി എത്തിയിരിക്കുന്നത്. ‘എന്റെ രാജ്യം..എന്റെ അഭിമാനം. Salute to our real heroes’, എന്നാണ് ഗിന്നസ് പക്രു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

”അവര്‍ മായ്ച്ചു കളയാന്‍ ശ്രമിച്ചത് നമ്മുടെ അമ്മയുടെയും, സഹോദരിമാരുടെയും സിന്ദൂരം. പകരം നമ്മള്‍ തുടച്ചുനീക്കുന്നത് തിന്മയുടെ രക്തക്കറ ചാര്‍ത്തുന്ന ഭീകരതയുടെ സിരാകേന്ദ്രങ്ങള്‍. ഇത് ഇന്ത്യന്‍ സ്ത്രീത്വത്തിനു നേരെ കയ്യോങ്ങിയവര്‍ക്ക് നല്‍കിയ നെഞ്ച് വിരിച്ചുള്ള മറുപടി. ഭീകരത തുലയട്ട. ജയ് ഹിന്ദ്” എന്നാണ് ഗോകുലം ഗോപാലന്റെ പ്രതികരണം.

അതേസമയം, ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ ഇന്ന് പുലര്‍ച്ചെ പാക് അധീന കശ്മീരിലെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്താണ് ഇന്ത്യ തിരിച്ചടിച്ചടിച്ചത്. 12 ഭീകരര്‍ കൊല്ലപ്പെട്ടെന്നും 60 ഓളം പേര്‍ക്ക് പരിക്കേറ്റെന്നുമാണ് റിപ്പോര്‍ട്ട്. മുസഫറാബാദ്, ബഹാവല്‍പുര്‍, കോട്ട്ലി, ഛാക് അമ്രു, ഗുല്‍പുര്‍, ബിംബര്‍, മുരിഡ്കെ, സിയാല്‍കോട്ട് എന്നീ ഒമ്പത് ഭീകരകേന്ദ്രങ്ങളിലെയും ആക്രണങ്ങളും വിജയകരമാണ്.

Read more