വലിയ അവസരമാണ് ലഭിച്ചിരിക്കുന്നത്; മാലികിനെ കുറിച്ച് മഹേഷ് നാരായണ്‍

ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രമായ മാലിക് ആമസോണ്‍ പ്രൈമില്‍ എത്തുകയാണ്. ജൂലൈ 15നാണ് ചിത്രത്തിന്റെ റിലീസ്. മാലിക് ഒ.ടി.ടി. റിലീസിനെത്തുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ ഇപ്പോള്‍. ഇതിലൂടെ ലോകം മുഴുവനുമുള്ള പ്രേക്ഷകര്‍ക്ക് മുന്‍പില്‍ സിനിമയെത്തിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്നും പ്രേക്ഷകന്റെ പ്രതീക്ഷകള്‍ക്കൊപ്പമെത്താന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നെന്നും മഹേഷ് നാരായണ്‍ പറഞ്ഞു.

“ആമസോണ്‍ പ്രൈം പോലെ ഇത്രയും പോപ്പുലറായ ഒരു പ്ലാറ്റ്ഫോമില്‍ മാലിക് റിലീസ് ചെയ്യാനാകുന്നത് വഴി ലോകം മുഴുവനുമുള്ള പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് സിനിമയെത്തിക്കാനുള്ള വലിയ അവസരമാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ സംസ്‌കാരത്തിലൂന്നി കൊണ്ടുള്ള കഥയാണ് മാലിക്. വ്യത്യസ്തമായ സ്വഭാവ സവിശേഷതകളും വികാരങ്ങളുമുള്ള ഒരുപടി കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്. മാലികിന് പ്രേക്ഷകന്റെ പ്രതീക്ഷക്കൊപ്പമെത്താന്‍ സാധിക്കുമെന്ന് തന്നെയാണ് വിചാരിക്കുന്നത്,” മഹേഷ് നാരായണന്‍ പറഞ്ഞു.

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്. സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സലിംകുമാര്‍, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്. സാനു ജോണ്‍ വര്‍ഗീസ് ക്യാമറയും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിക്കുന്നു.