അന്ന് രജനി പറഞ്ഞത് കേട്ടിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു; അജിത്ത് സിനിമയുടെ പരാജയകാരണം പങ്കുവെച്ച് സംവിധായകന്‍

2005ല്‍ അജിത്-തൃഷ താരജോഡികള്‍ അഭിനയിച്ച് റിലീസ് ചെയ്ത ‘ജി’ എന്ന തമിഴ് ചിത്രം അപ്രതീക്ഷിതമായാണ് തീയേറ്ററുകളില്‍ പരാജയപ്പെട്ടത്. ഇപ്പോഴിതാ ആ പരാജയത്തിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ലിംഗുസാമി. അടുത്തിടെ ലിംഗുസാമി നല്‍കിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് പറഞ്ഞ മാറ്റം ആ സിനിമയില്‍ വരുത്തിയിരുന്നെങ്കില്‍ ഒരു പക്ഷേ സിനിമ പരാജയപ്പെടുമായിരുന്നില്ലെന്നാണ് ലിംഗുസ്വാമി പറയുന്നത്.

ജിയുടെ കഥ കേട്ടപ്പോള്‍ തനിക്ക് ഈ സിനിമയില്‍ അഭിനയിച്ചാല്‍ കൊള്ളാമെന്ന ആഗ്രഹം രജനീകാന്ത് പങ്കുവച്ചു. എന്നാല്‍ സിനിമയിലെ നായകന്‍ ഒരു കോളേജ് വിദ്യാര്‍ത്ഥിയാണെന്നും, രജനീകാന്തിന് ഈ വേഷം അനുയോജ്യമായിരിക്കില്ലെന്നുമാണ് സംവിധായകന്‍ മറുപടി നല്‍കിയത്.

എങ്കില്‍ കഥ കോളേജില്‍ നിന്നും മാറ്റിക്കൂടെ എന്നാണ് രജനികാന്ത് ചോദിച്ചത്. എന്നാല്‍ നോ എന്ന മറുപടിയാണ് സംവിധായകന്‍ നല്‍കിയത്. പിന്നീട് അജിത്തിനെ നായകനും തൃഷയെ നായികയുമാക്കിയെടുത്ത ജി എന്ന സിനിമ പരാജയപ്പെടുകയായിരുന്നു.

2001ല്‍ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് ലിംഗുസ്വാമി സ്വതന്ത്ര സംവിധായകനായി തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് റണ്‍, സണ്ടക്കോഴി, പയ്യ തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇതോടെ തമിഴ് സിനിമയില്‍ തന്റേതായ സ്ഥാനം അദ്ദേഹം നേടുകയും ചെയ്തു. സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങള്‍ക്കും ജനങ്ങള്‍ക്കിടയില്‍ മികച്ച സ്വീകാര്യതയും വന്‍ കളക്ഷനും ലഭിച്ചതോടെ അദ്ദേഹത്തിന്റെ ആത്മവിശ്വാസവും ഉയര്‍ന്നു.