''എന്നെ സ്വാധീനിച്ച വ്യക്തി മറ്റാരുമല്ല അദ്ദേഹമാണ്..പരാജയങ്ങളിൽ നിന്ന് ഉയർന്നുവരുന്നവരിൽ പഠിക്കാൻ ഒരുപാടുണ്ടാകും''; കുഞ്ചാക്കോ ബോബൻ

കഴിഞ്ഞ കുറച്ച് നാളുകളായി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. ചോക്ലേറ്റ് കഥപാത്രങ്ങളിലൂടെ മലയാള സിനിമയിലെത്തിയ നടൻ തന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച വ്യക്തിയെ പറ്റി തുറന്ന് പറയുകയാണ് ഇപ്പോൾ.

‘ന്നാ താൻ കേസ് കൊട്’ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി മൂവി മാൻ ബ്രോഡ്കാസ്റ്റിങ്ങിന് നൽകിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബൻ ഇക്കാര്യത്തെപ്പ്റി സംസാരിച്ചത്. ഫഹദ് ഫാസിൽ തന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണ്.

ഫഹദിൽ നിന്ന് കുറെ കാര്യങ്ങൾ താൻ പഠിച്ചു എന്നുമാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. പരാജയങ്ങളിൽ നിന്ന് ഉയർന്നുവരുന്നവരിൽ നിന്ന് കണ്ടുപഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ടാകും. താൻ അദ്ദേഹത്തിൽ നിന്ന് കുറെ പഠിച്ചുവെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

താനും ഫഹദും ഫാസിൽ എന്ന യൂണിവേഴ്‌സിറ്റിയിൽ നിന്ന് പഠിച്ചിറങ്ങിയവരാണ്. പുള്ളി എവിടെനിന്ന് സ്റ്റാർട്ട് ചെയ്തു എന്നത് നമ്മൾ കണ്ടതാണ്. പൂജ്യത്തിൽ നിന്നും നൂറിലെത്തി. അത് ശരിക്കും പ്രശംസിക്കേണ്ട കാര്യമാണെന്നും, വേറൊരു തരത്തിൽ എനർജി കൊടുക്കുന്ന കാര്യം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

ആൻഡ്രോയിഡ് കുഞ്ഞപ്പന് ശേഷം സംവിധായകൻ രതീഷും നിർമാതാവ് സന്തോഷ് ടി. കുരുവിളയും ഒന്നിക്കുന്ന ചിത്രമാണ് ന്നാ താൻ കേസ് കൊട്. ഗായത്രി ശങ്കറാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായെത്തുന്നത്