അറിഞ്ഞു തന്ന അടി പോലെയായിരുന്നു, മഞ്ജു കരണക്കുറ്റി നോക്കി അടിച്ചു: കുഞ്ചാക്കോ ബോബന്‍

രാജേഷ് പിള്ള ചിത്രം “വേട്ട” എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ തന്നെ മുഖത്തടിക്കുന്ന സീന്‍ ഷൂട്ട് ചെയ്യുമ്പോഴുണ്ടായ അനുഭവം തുറന്നുപറഞ്ഞ് കുഞ്ചാക്കോ ബോബന്‍. അടിച്ചോളാന്‍ രാജേഷും താനും മഞ്ജുവിനോട് പറയുകയായിരുന്നുവെന്ന് ചാക്കോച്ചന്‍ പറയുന്നു.

“രാജേഷ് തല്ലിക്കോളാന്‍ പറഞ്ഞു. തനിക്ക് പറ്റില്ലെന്ന് മഞ്ജു പറഞ്ഞു. പിന്നെ ഞാന്‍ കൂടി മഞ്ജുവിനെ നിര്‍ബന്ധിച്ചു. അങ്ങനെ അറിഞ്ഞു തന്ന അടി പോലെ കരണക്കുറ്റി നോക്കി മഞ്ജു അടിച്ചു. എന്നാല്‍ രണ്ട് മൂന്ന് ടേക്ക് എടുക്കേണ്ടി വന്നു. കാരണം അടിച്ചു തീരുമ്പോഴേക്കും മഞ്ജു സോറി പറയും. അങ്ങനെയാവുമ്പോള്‍ എഡിറ്റ് ചെയ്യാന്‍ കട്ടിങ് പോയന്റ് ഉണ്ടാവില്ല. അതുകൊണ്ടാണ് മൂന്ന് ടേക്കുകള്‍ എടുക്കേണ്ടി വന്നത്,” ചാക്കോച്ചന്‍ പറഞ്ഞു.

മഞ്ജു വാര്യര്‍ ആദ്യമായി പൊലീസ് വേഷത്തിലെത്തിയ ചിത്രമാണ് വേട്ട. ആദ്യമായി പൊലീസ് വേഷം ചെയ്യുമ്പോഴുള്ള ആശങ്കകളും വേഷം തനിക്ക് ചേരുമോ എന്ന കണ്‍ഫ്യൂഷനും തുടക്കത്തില്‍ തനിക്കുണ്ടായിരുന്നുവെന്ന് മഞ്ജുവും ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ചാക്കോച്ചന്റെ കവിളത്ത് അടിക്കേണ്ടി വന്നത് വളരെ വേദനാജനകമായ കാര്യമാണ് തനിക്കെന്നും നടി പറഞ്ഞിരുന്നു.