ചുവന്നു തുടുത്ത പാടുകളൊന്നുമില്ലാത്ത മുഖമാണ് മലയാളത്തില്‍ അഭിനയിക്കാനുള്ള യോഗ്യത, ഒരു വിശ്വാസമാണത്: പദ്മകുമാര്‍

‘കുടുംബവിളക്ക്’ സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ് പദ്മകുമാര്‍. മൊട്ടയടിച്ച ലുക്കിലുള്ള താരത്തിന്റെ പ്രകടനം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പലപ്പോഴും തനിക്ക് അഭിനയിക്കാനുള്ള അവസരം നഷ്ടമായിട്ടുണ്ട് എന്നാണ് പദ്മകുമാര്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

”പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ നാടകത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. മിമിക്രിയും ചെയ്യുമായിരുന്നു. 23-ാം വയസ്സിലാണ് എന്റെ സുഹൃത്തു കൂടിയായ സംവിധായകന്‍ സീരിയലില്‍ അഭിനയിക്കാന്‍ കുറച്ചു പയ്യന്മാരെ വേണം എന്നു പറയുന്നത്.

‘ഗ്ലാമറുള്ളവരെയാണ് വേണ്ടത് എന്നു കൂടി തമാശയായി പറഞ്ഞു. തമാശയായാണ് പറഞ്ഞതെങ്കിലും അതു തമാശ അല്ലായിരുന്നു. ആ സീരിയലില്‍ ഒരവസരം എനിക്കും തരാമായിരുന്നു. അതിന് ആരെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ഓരോ കാലത്തുമുള്ള വിശ്വാസങ്ങളാണവ.”

”മലയാള സിനിമയിലും സീരിയലിലും പ്രധാന കഥാപാത്രമായി അഭിനയിക്കാനുള്ള യോഗ്യതകളിലൊന്ന് ചുവന്നു തുടുത്ത പാടുകളൊന്നുമില്ലാത്ത മുഖം തന്നെയായിരുന്നു. ഇപ്പോള്‍ ആ മനോഭാവം മാറി. മുമ്പ് നടന്മാരെയായിരുന്നു സിനിമയ്ക്ക് ആവശ്യമെങ്കില്‍ ഇന്നു കഥാപാത്രങ്ങളെയാണ് വേണ്ടത്” എന്നാണ് പദ്മകുമാര്‍ പറയുന്നത്.

ജോലി ചെയ്ത് പണമുണ്ടാക്കുക എന്നതിനപ്പുറം ജീവിതത്തില്‍ നമുക്കിഷ്ടമുള്ള എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയപ്പോഴാണ് അഭിനയത്തിലേക്ക് വന്നതെന്നും പദ്മകുമാര്‍ പറയുന്നുണ്ട്. ഷാജി കൈലാസ് ചിത്രം ‘കാപ്പ’ ആണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്. ഡിസംബര്‍ 22ന് തിയേറ്ററില്‍ എത്തുന്ന ചിത്രത്തില്‍ ഒരു ഗ്യാങ് ലീഡര്‍ ആയാണ് നടന്‍ വേഷമിടുന്നത്.