ബലാത്സംഗശ്രമം എന്ന് വരെ എനിക്കെതിരെ പരാതിയുണ്ട്.. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി വളരെയധികം റിലീഫ് നല്‍കി: കൃഷ്ണകുമാര്‍

തന്റെ കുടുംബത്തെ രക്ഷിക്കാന്‍ ഏതറ്റം വരെയും താന്‍ പോകുമെന്ന് നടന്‍ കൃഷ്ണകുമാര്‍. സാമ്പത്തിക തട്ടിപ്പ് കേസില്‍ തനിക്കും മകള്‍ക്കുമെതിരെ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് തോന്നി. അങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോയി പരാതി പറഞ്ഞത്. ഗര്‍ഭിണിയായ തന്റെ മകളെ പാതിരാത്രി ഒരുത്തന്‍ വിളിച്ചാല്‍ താന്‍ നിഷിധമായ ഭാഷയില്‍ സംസാരിക്കും എന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്.

ഒരു യൂട്യൂബ് ചാനലിനോടാണ് കൃഷ്ണകുമാര്‍ പ്രതികരിച്ചത്. ഈ പ്രശ്‌നങ്ങള്‍ തനിക്കും മകള്‍ക്കുമെതിരെ നടക്കുന്ന ഗൂഢാലോചന ആയാണ് തോന്നിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോയി പരാതി പറഞ്ഞിരുന്നു. ഏറ്റവും ഉചിതമായ നടപടി എടുത്തിരിക്കും, അന്വേഷണം കൃത്യമായിരിക്കും, ഒരു കാരണവശാലും ഭയക്കണ്ടെന്ന ഉറപ്പ് തനിക്കും മകളെ വിളിച്ചും അവര്‍ പറഞ്ഞു.

ആര് ഭരിച്ചാലും, താന്‍ ഏത് പാര്‍ട്ടിയില്‍ വിശ്വസിക്കുന്ന ആളായാലും ആര് നല്ലത് ചെയ്താലും നല്ലത് നല്ലത് തന്നെയാണ്. തങ്ങളെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി വളരെയധികം റിലീഫ് നല്‍കി. ആ പെണ്‍കുട്ടികള്‍ പറയുന്നത് ഗുരുതരമായ ആരോപണങ്ങളാണ്. താനവരെ തട്ടിക്കൊണ്ടു പോയി, എന്തിനേറെ ബലാത്സംഗശ്രമം എന്ന് വരെ എഴുതി വച്ചിട്ടുണ്ട്.

ചാനലില്‍ സംസാരിക്കുമ്പോള്‍ പറയുന്നത് ജാതിയാണ്. താനും തന്റെ ഭാര്യയും രണ്ട് ജാതിക്കാരാണ്. ദിയ കല്യാണം കഴിച്ചത് വേറെ ജാതിയില്‍ നിന്നാണ്. ഇതൊന്നും തന്നെ ബാധിക്കാത്ത കാര്യങ്ങളാണ്. ഒരു കാരണവശാലും അന്യന്റെ സ്വത്തില്‍ മോഹം വരരുത് എന്നാണ് പിള്ളേരെ പറഞ്ഞ് പഠിപ്പിച്ചിരിക്കുന്നത്. താന്‍ പ്രതികരിച്ചത് കടുത്തു പോയെന്ന് ചിലരൊക്കെ പറയും.

Read more

പക്ഷേ അവനവന്റെ മക്കള്‍ക്ക് എന്തെങ്കിലും പറ്റിയെന്ന് അറിഞ്ഞാല്‍ പാനിക് ആകും. ഗര്‍ഭിണിയായ തന്റെ മകളെ പാതിരാത്രി ഒരുത്തന്‍ വിളിച്ചാല്‍ താന്‍ നിഷിധമായ ഭാഷയില്‍ സംസാരിക്കും. അവര്‍ക്കൊരു ആവശ്യം വരുമ്പോള്‍ അച്ഛന്‍ കൂടെ നില്‍ക്കുമെന്ന വിശ്വാസം അവര്‍ക്കുണ്ട്. അതില്‍ ന്യായവും കൂടി ഉണ്ടെങ്കില്‍ കുടുംബത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും എന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്.