'ഈ വര്‍ഷം വേണമെങ്കില്‍ എനിക്ക് മത്സരിക്കാമായിരുന്നു, എന്നാല്‍ സലിം കുമാര്‍ എന്ന നടന്‍ എം.എല്‍.എ ആകേണ്ട ആവശ്യം കേരളത്തിനില്ല'

രമേശ് ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും മാറ്റുന്നത് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ലെന്ന് സലിം കുമാര്‍. ഈ വര്‍ഷം തനിക്ക് വേണമെങ്കില്‍ മത്സരിക്കാമായിരുന്നു. എന്നാല്‍ സലിം കുമാര്‍ എന്ന നടന്‍ എംഎല്‍എ ആകേണ്ട ആവശ്യം തല്‍ക്കാലം കേരളത്തിനില്ല എന്നാണ് മനോരമ ന്യൂസിനോട് താരം പ്രതികരിച്ചിരിക്കുന്നത്.

എന്നും തുറന്നു പറഞ്ഞിട്ടുള്ള രാഷ്ട്രീയ നിലപാടിനൊപ്പം തന്നെയാണ് താന്‍. രമേശ് ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും മാറ്റുന്നത് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ല. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലുള്ള ലെജന്‍ഡുകള്‍ നിലനില്‍ക്കും. എന്നാല്‍ തലമുറമാറ്റം എല്ലാ മേഖലയിലും അനിവാര്യമാണ്.

ഈ വര്‍ഷം തനിക്ക് വേണമെങ്കില്‍ മത്സരിക്കാമായിരുന്നു. എന്നാല്‍ സജീവ രാഷ്ട്രീയത്തില്‍ താത്പര്യമില്ല. സലിം കുമാര്‍ എന്ന നടന്‍ എംഎല്‍എ ആകേണ്ട ആവശ്യം തത്കാലം കേരളത്തിനില്ല. എംഎല്‍എയേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ താന്‍ അറിയപ്പെടുന്നുണ്ട്. എന്നാണ് സലിം കുമാര്‍ പറയുന്നത്.

ജന്മം കൊണ്ടു തന്നെ ഒരു കോണ്‍ഗ്രസുകാരനാണ്. സ്വന്തം നാടായ ചിറ്റാറ്റുകരയിലും മാല്യങ്കര കോളജില്‍ പഠിക്കുന്ന കാലത്തും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. കാശൊന്നും കിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പു ഘട്ടങ്ങളില്‍ അനൗണ്‍സ്മെന്റ് ഹരമായിരുന്നു. മഹാരാജാസില്‍ എത്തിയതോടെ പതിയെ രാഷ്ട്രീയത്തില്‍ നിന്നു പിന്‍വാങ്ങി എന്നും താരം പറയുന്നു.