'കസബയിലെ സംഭാഷണങ്ങള്‍ ക്രിമിനല്‍കുറ്റം, പാര്‍വതി മലയാളത്തിന്റെ ഉണ്ണിയാര്‍ച്ച'

കസബയിലെ സംഭാഷണങ്ങള്‍ ക്രിമിനല്‍ കുറ്റമാണെന്നും അതിനെ വിമര്‍ശിച്ച നടിയെ സമൂഹം ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും സാഹിത്യ അക്കാദമി അധ്യക്ഷന്‍ വൈശാഖന്‍. കസബ” സിനിമയുടെ സംഭാഷണം എഴുതിയ വ്യക്തി സാംസ്‌കാരിക കേരളത്തോട് ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്ന് കസബയുടെ സംവിധായകനെയും സംഭാഷണം പറഞ്ഞ നടനെയും ചോദ്യംചെയ്യാതെ, ഇതിനെ വിമര്‍ശിച്ച നടി പാര്‍വതിയെ സമൂഹം ചോദ്യംചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ധൈര്യപൂര്‍വം പ്രതികരിച്ച നടി പാര്‍വതി മലയാളത്തില്‍ പിറന്ന ഉണ്ണിയാര്‍ച്ചയാണ്. സാഹിത്യം ചെയ്യേണ്ട ധര്‍മമാണ് പാര്‍വതി ചെയ്തതെന്നും കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വൈശാഖന്‍ പറഞ്ഞു.

പുതിയ കാലഘട്ടത്തില്‍ ജാതി-മത വര്‍ഗീയതയ്ക്കെതിരേ സാഹിത്യം പ്രതിരോധമാക്കണം. മലയാളിയുടെ സംസ്‌കാരത്തെ രൂപവത്കരിക്കുന്നത് സാഹിത്യമാണ്. സമൂഹത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന സാംസ്‌കാരിക അപചയത്തെ നേരിടാന്‍ സാഹിത്യം ആവശ്യമാണ്. താരാരാധന മാനസികരോഗമാണെന്നും അവര്‍ ചിന്തയെ പണയംവെക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more

കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെക്കുറിച്ച് നടി പാര്‍വതി നടത്തിയ പ്രസ്താവനകള്‍ വിവാദമാകുകയും മമ്മൂട്ടി ആരാധകര്‍ നടിക്കെതിരെയും അവരുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന സിനിമകള്‍ക്കെതിരെയും ആളുകള്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിലും പൊതുസദസ്സുകളിലും ഇത് ചര്‍ച്ചയാകുകയും സിനിമയിലെ സ്ത്രീവിരുദ്ധത എന്ന വിഷയം ഉയര്‍ന്ന് വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സാഹിത്യലോകത്ത്‌നിന്നും പാര്‍വതിക്ക് പിന്തുണ ലഭിച്ചിരിക്കുന്നത്. നേരത്തെ എഴുത്തുകാരി ശാരദക്കുട്ടി പാര്‍വതിക്ക് പരസ്യപിന്തുണയുമായി രംഗത്ത് വന്നിരുന്നു.