കര്‍ഷക സമരം ഹൃദയത്തെ നടുക്കുന്നു, സര്‍ക്കാര്‍ അവരുടെ ശബ്ദം കേള്‍ക്കണം; പിന്തുണയുമായി കാര്‍ത്തി

കര്‍ഷക സമരത്തിന് പിന്തുണയുമായി നടന്‍ കാര്‍ത്തി. കര്‍ഷകരുടെ ശബ്ദം കേട്ട് അവര്‍ക്ക് അനുകൂലമായി തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് കാര്‍ത്തിയുടെ പ്രസ്താവന. ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലുമുള്ള കര്‍ഷകര്‍ വളരെ ദൂരം സഞ്ചരിച്ച് ഒരാഴ്ചയായി സമരം ചെയ്യുന്നത് ഹൃദയത്തെ നടുക്കുന്നു എന്ന് കാര്‍ത്തി പറയുന്നു.

കഠിനമായി അധ്വാനിച്ച് എല്ലാ ദിവസവും നമ്മളെ പോറ്റുന്ന കര്‍ഷകര്‍ കടുത്ത തണുപ്പിലും കോവിഡ് ഭീതിയിലും ഒരാഴ്ചയായി തലസ്ഥാനത്തെ തെരുവില്‍ സമരം ചെയ്യുന്നുവെങ്കില്‍ ഒരൊറ്റ വികാരത്തിന് പുറത്ത് മാത്രമാണ്. കര്‍ഷകരുടെ പ്രതിഷേധം രാജ്യത്തെ മുഴുവന്‍ നടുക്കിയിരിക്കുകയാണ്.

അല്ലെങ്കില്‍ തന്നെ ജലക്ഷാമം, പ്രകൃതി ദുരന്തം എന്നിവ കാരണം കര്‍ഷകര്‍ വലിയ പ്രശ്നങ്ങളാണ് അനുഭവിക്കുന്നത്. വിളകള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കുന്നില്ല, അത് അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് അധികാരികള്‍ അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കണമെന്നും നടപടിയെടുക്കണമെന്നും അപേക്ഷിക്കുന്നു എന്ന് താരം കുറിച്ചു.

Read more

അതേസമയം, കര്‍ഷക സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അതിര്‍ത്തികളില്‍ സമരം നടത്തുന്ന കര്‍ഷകരുമായി സംഘടനകളുമായി കേന്ദ്രം നാളെ വീണ്ടും ചര്‍ച്ച നടത്തും. ഇന്നലെ നടന്ന ചര്‍ച്ച ഫലം കാണാത്തതിനാലാണ് നാളെ വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.