ഒരിക്കല്‍ ഞാനും ഇത് പോലൊരു സിനിമ ചെയ്യും; കുമ്പളങ്ങിയെ പ്രശംസിച്ച് കാര്‍ത്തി

തീയേറ്ററുകളില്‍ ജൈത്രയാത്ര നടത്തി മുന്നേറിക്കൊണ്ടിരിക്കുകകയാണ് മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സ്. സിനിമാരംഗത്തെ പ്രമുഖരുള്‍പ്പെടെ ധാരാളം പേരാണ് സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ കോളിവുഡില്‍ നിന്ന് ചിത്രത്തിന് പ്രശംസയെത്തിയിരിക്കുകയാണ്. തമിഴ്‌നടന്‍ കാര്‍ത്തിയാണ് കുമ്പളങ്ങിയെ പുകഴ്ത്തിയെത്തിയിരിക്കുന്നത്.

കുമ്പളങ്ങി നൈറ്റ്‌സ് ഹൃദയത്തില്‍ സ്പര്‍ശിച്ചുവെന്നും അതുപോലെ ഒരു ചിത്രം ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും കാര്‍ത്തി ട്വിറ്ററില്‍ കുറിച്ചു. ” കുമ്പളങ്ങി നൈറ്റ്‌സ് എത്ര മനോഹരമായ സിനിമയാണ. ഇടതടവില്ലാതെ ഒഴുകുന്ന ഒരു സിനിമ. അതേസമയം ഹൃദയത്തില്‍ തട്ടുന്നതും തമാശ നിറഞ്ഞതും. എന്നെങ്കിലും ഇതു പോലൊരു സിനിമ ചെയ്യണമെന്ന് ഞാനും ആശിച്ചു. കാര്‍ത്തി കുറിച്ചു.

ദിലീഷ് പോത്തന്‍, നസ്രിയ, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഫെബ്രുവരി ഏഴിനാണ് തിയേറ്ററുകളിലെത്തിയത്. ശ്യാം പുഷ്‌കരനാണ് തിരക്കഥ. ഷൈജു ഖാലിദ് ചായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിങ് സൈജു ശ്രീധരനാണ്.