'അയ്യേ ലിപ്സ്റ്റിക് ഇട്ടൊ? എന്ന മലയാളി ചോദ്യത്തിന്'; ചുവപ്പ് ലിപ്സ്റ്റിക്കിന് പിന്നിലെ നിലപാടുമായി കനി കുസൃതി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഏറ്റുവാങ്ങിയ നടി കനി കുസൃതിയുടെ ചിത്രങ്ങളും വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറാലായിരുന്നു. എന്നാല്‍ ചിലര്‍ പരിഹാസവും വിമര്‍ശനങ്ങളുമായും എത്തി. മികച്ച നടിക്കുള്ള പുരസ്‌ക്കാരം സ്വീകരിക്കാനെത്തിയ കനി ചുവപ്പ് ലിപ്സ്റ്റിക് ഇട്ടു എന്നതാണ് വിമര്‍ശനത്തിനുള്ള കാരണമായിരിക്കുന്നത്.

ആ ലിപ്സ്റ്റിക് തന്റെ ഒരു നിലപാട് കൂടിയായിരുന്നു എന്ന് വ്യക്തമാക്കുകയാണ് കനി. ലോകപ്രശസ്ത പോപ്പ് താരം റിയാനയുടെ ബ്യൂട്ടി ബ്രാന്‍ഡ് ആയ ഫെന്റി ബ്യൂട്ടിയുടെ ഉല്‍പന്നമാണ് താന്‍ ഉപയോഗിച്ചത് എന്നാണ് കനി പറയുന്നത്. ആ ചുവപ്പ് ലിപ്സ്റ്റിക് എന്തിന് നിലകൊള്ളുന്ന എന്നറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വായിച്ച് നോക്കാം എന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ച കനി ഒരു ലിങ്കും കൊടുത്തിട്ടുണ്ട്.

“”അയ്യേ ലിപ്സ്റ്റിക് ഇട്ടൊ? എന്ന മലയാളി ചോദ്യത്തിനു അറിഞ്ഞു കൊണ്ട് തന്നെ ആണു ലോക പ്രശസ്തയായ “റിഹാന” എന്ന സിംഗര്‍ സോങ്ങ് റൈറ്ററുടെ “ഫെന്റിബ്യുട്ടീ” ബ്രാന്റിലെ “യൂണിവേഴ്‌സല്‍ റെഡ് ലിപ്സ്റ്റിക്” ഇട്ട് പോയത്. ആ “റെഡ് ലിപ്സ്റ്റിക്” എന്തിനു നിലകൊള്ളുന്നു എന്ന് ആത്മാര്‍ത്ഥമായി അറിയാന്‍ അഗ്രഹിക്കുന്നവര്‍ വായിച്ചു മനസ്സിലാക്കുക”” എന്നാണ് കനിയുടെ കുറിപ്പ്.

റിയാനയുടെ ഫെന്റി ബ്യൂട്ടി പുറത്തിറക്കിയ റെഡ് ലിപ്സ്റ്റിക് രാഷ്ട്രീയപരമായ കാരണങ്ങളാല്‍ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. ബ്രൈറ്റ് റെഡ് നിറത്തിലുള്ള ലിപ്സ്റ്റിക് എല്ലാ സ്‌കിന്‍ ടോണുകളുള്ളവര്‍ക്കും വേണ്ടിയാണ് പുറത്തിറക്കിയത്. നിറത്തിന്റെ വേര്‍തിരിവ് ഇല്ലാതെ ലോകത്ത് ഏത് ഭാഗത്തുമുള്ള സ്ത്രീകള്‍ക്ക് ധരിക്കാവുന്ന മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുക എന്നാണ് ഈ കമ്പനിയുടെ ലക്ഷ്യം.