'അക്ഷയ് കുമാര്‍ ആരും അറിയാതെ വിളിക്കും, പക്ഷെ ഒരു ട്വീറ്റ് പോലും ചെയ്യില്ല'; ആരോപണവുമായി കങ്കണ

 

ബോളിവുഡില്‍ താരങ്ങള്‍ പരസ്പരം തങ്ങളുടെ സിനിമകളെ പിന്തുണയ്ക്കുമ്പോഴും തന്റെ സിനിമകള്‍ മാത്രം മനപൂര്‍വ്വം ഇവരെല്ലാവരും അവഗണിക്കുകയാണെന്ന് നടി കങ്കണ റണൗത്ത്. ഒപ്പം അഭിനയിക്കുന്ന സഹതാരങ്ങള്‍ക്ക് ബോളിവുഡില്‍ വിലക്ക് ഭീഷണി വരെയുണ്ടെന്നും കങ്കണ ആരോപിക്കുന്നു.

അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍ എന്നീ നടന്‍മാരുടെ പേരെടുത്ത് പറഞ്ഞാണ് കങ്കണയുടെ വിമര്‍ശനം.’അജയ് ദേവ്ഗണ്‍ ഒരിക്കലും എന്റെ സിനിമയെ പ്രൊമോട്ട് ചെയ്യില്ല. മറ്റുള്ളവരുടെ സിനിമകള്‍ ചെയ്യുമായിരിക്കും. അക്ഷയ് കുമാര്‍ തന്നെ വിളിക്കും. ആരും കേള്‍ക്കാതെ തലൈവി സിനിമ ഇഷ്ടമായെന്നൊക്കെ പറയും. പക്ഷെ എന്റെ സിനിമയുടെ ട്രെയ്‌ലര്‍ ട്വീറ്റ് ചെയ്യില്ല,’ കങ്കണ പറഞ്ഞു.

 

അമിതാഭ് ബച്ചന്‍ തന്റെ പുതിയ ചിത്രം ധാക്കഡിന്റെ ടീസര്‍ ട്വിറ്ററില്‍ പങ്കുവെക്കുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്ത കാര്യവും നടി ചൂണ്ടിക്കാട്ടി. എന്താണ് താരങ്ങളുടെ ഈ മനോഭാവത്തിന് കാരണമെന്ന് ചോദിച്ചപ്പോള്‍ തനിക്കറിയില്ല അവരോട് തന്നെ ചോദിക്കണമെന്നാണ് കങ്കണ പറയുന്നത്.