ഞാനാണ് ഏറ്റവും മികച്ച അവതാരക, ഷാരൂഖും പ്രിയങ്കയുമൊക്കെ പരാജയം: കങ്കണ റണൗത്ത്

തന്റെ തലമുറയിലെ ഏറ്റവും മികച്ച അവതാരക താനാണെന്ന് ബോളിവുഡ് നടി കങ്കണ റണൗത്ത്. ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര, അക്ഷയ് കുമാര്‍ എന്നിവര്‍ അഭിനേതാക്കള്‍ എന്ന നിലയില്‍ വിജയിച്ചുവെങ്കിലും അവതാരകരായി വന്നപ്പോള്‍ വന്‍ പരാജയമായിരുന്നുവെന്നും കങ്കണ പറഞ്ഞു. ലോക്കപ്പ് എന്ന റിയാലിറ്റി ഷോയുടെ അവതാരകയാണ് കങ്കണ.

‘ലോക്ക്അപ്പ് ആരംഭിച്ച ശേഷം എന്നോട് ബോളിവുഡ് മാഫിയയ്ക്ക് അസൂയ ഇരട്ടിയായി. തന്നെ മോശക്കാരിയാക്കാന്‍ പലതും ചെയ്തുകൊണ്ടിരിക്കുകയാണ്. ഞാനത് കണ്ടെന്ന് നടിക്കുന്നേയില്ല. മറ്റുള്ളവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ എനിക്ക് സാധിക്കുമെങ്കില്‍ എന്റെ കാര്യം നോക്കാന്‍ എനിക്കറിയാം. എന്റെ തലമുറയിലെ ഏറ്റവും മികച്ച അവതാരക ഞാനാണെന്നതില്‍ അഭിമാനിക്കുന്നു.’

‘ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര, അക്ഷയ് കുമാര്‍ എന്നിവര്‍ അഭിനേതാക്കള്‍ എന്ന നിലയില്‍ വിജയിച്ചുവെങ്കിലും അവതാരകരായി വന്നപ്പോള്‍ വന്‍ പരാജയമായിരുന്നു. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ മികച്ച അവതാരകരാണ്. ഞാന്‍ അവരോടൊപ്പമാണ്’ കങ്കണ പറഞ്ഞു.