നിങ്ങളുടെ രാഷ്ട്രീയം രാഷ്ട്രീയവും എന്റേത് മാത്രം അജണ്ടയും, അതെങ്ങനെ ശരിയാവും; ജാവേദ് അക്തറിനും ഷബാന ആസ്മിയ്ക്കും എതിരെ വിമര്‍ശനവുമായി കങ്കണ

ബോളിവുഡ് ഗാനരചയിതാവും കവിയുമായ ജാവേദ് അക്തറിനും ഷബാന ആസ്മിക്കുമെതിരെ പ്രതികരണവുമായി നടി കങ്കണ റണാവത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടിയുടെ പ്രതികരണം. നിങ്ങളുടെ രാഷ്ട്രീയം രാഷ്ട്രീയവും എന്റെ രാഷ്ട്രീയം അജണ്ടയും ആവുന്നത് എങ്ങനെയാണെന്നാണ് കങ്കണയുടെ ചോദ്യം.

ജാവേദ് അക്തറിനോട് മാത്രമല്ല ഷബാന അസ്മിയോടും കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ചോദ്യം ചോദിച്ചിട്ടുണ്ട്. “നിങ്ങളല്ലെ എന്നോട് രാഷ്ട്രീയത്തില്‍ തലയിടണ്ട, അഭിനയത്തില്‍ മാത്രം ശ്രദ്ധിക്കാന്‍ പറഞ്ഞത്” എന്നാണ് കങ്കണ ഷബാന അസ്മിയോട് ചോദിക്കുന്നത്. കങ്കണയ്ക്കെതിരെ ജാവേദ് മാനനഷ്ടത്തിന് കേസ് കൊടുത്തതിന് പിന്നാലെയാണ് ഈ പരാമര്‍ശം.

കഴിഞ്ഞ ദിവസമാണ് മമത ബാനര്‍ജി ഡല്‍ഹിയില്‍ വെച്ച് ജാവേദ് അക്തറിനെയും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ഷബാന അസ്മിയേയും കണ്ടത്. ഈ രാജ്യത്തിന് ഒരു മാറ്റം ഉണ്ടാവണം. നിരവധി വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ചരിത്രം ബംഗാള്‍ എന്ന സംസ്ഥാനത്തിനുണ്ടെന്നും ജാവേദ് അക്തര്‍ മമത ബാനര്‍ജിയെ കണ്ട ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.