കണവയാണെന്ന് പറഞ്ഞ് കമൽ ഹാസൻ എന്നെകൊണ്ട് പാമ്പിനെ തീറ്റിപ്പിക്കാൻ ശ്രമിച്ചു: ഉർവശി

മലയാള സിനിമയിൽ വളരെ അനായാസമായി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരമാണ് ഉർവശി. മലയാളികൾ എല്ലാകാലത്തും ഓർത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ ഉർവശി വെള്ളിത്തിരയിൽ അവതരിപ്പിച്ചു. ഇടയ്ക്ക് സിനിമയിൽ നിന്നും ഇടവേളയെടുത്ത ഉർവശി ഇപ്പോൾ വീണ്ടും പുതിയ ചിത്രങ്ങളുമായി തിരക്കിലാണ്.

ഇപ്പോഴിതാ തെന്നിന്ത്യൻ സൂപ്പർ താരം കമൽ ഹാസൻ തന്നെകൊണ്ട് പാമ്പിനെ കറിവെച്ചത് കഴിപ്പിക്കാൻ ശ്രമിച്ചതിനെ കുറിച്ച് പറയുകയാണ് ഉർവശി. ‘അന്ത ഒരു നിമിഡം’ എന്ന തമിഴ് സിനിമയുടെ ചിത്രീകരണവേളയിലാണ് സംഭവം അരങ്ങേറിയത്.

“കമൽ സാർ എല്ലാം കഴിക്കും. ബീച്ചിൽ വെച്ചൊരു രംഗം ചിത്രീകരിക്കുകയായിരുന്നു. അപ്പോൾ കമല്‍ സാര്‍ വന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോള്‍ എല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കണം എന്നു പറഞ്ഞു. ഞാന്‍ പൊതുവെ ഒറ്റയ്ക്കിരുന്നാണ് കഴിക്കുക. വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടു വരും, മീന്‍ കറിയൊക്കെ ഉണ്ടാവും. അങ്ങനെ അന്ന് എല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കുകയാണ്.

ഒരു സ്‌പെഷ്യല്‍ സാധാനം വരുന്നുണ്ടെന്ന് അപ്പോൾ കമൽ സാർ പറഞ്ഞു. കേരളത്തില്‍ കണവ എന്നൊരു മീനുണ്ട്, ഇവിടേയും കിട്ടും. അത് നന്നാക്കാന്‍ കുറച്ച് പണിയാണ്. റൗണ്ട് റൗണ്ടായിട്ടാണ്. കഴിക്കെന്ന് പറഞ്ഞു. ഉടനെ കൂടെയുണ്ടായിരുന്ന അനുരാധ പതിയെ കഴിക്കല്ലേ അത് പാമ്പ് കറിയാണെന്ന് പറഞ്ഞു. ഞാന്‍ പെട്ടെന്ന് ഞെട്ടിപ്പോയി.

അപ്പോഴേക്കും കമല്‍ സാര്‍ ആരാ അത് പറഞ്ഞതെന്ന് ചോദിച്ചു. ഞാന്‍ അനുരാധയാണെന്ന് പറഞ്ഞു. ഇത് പാമ്പ് കറിയൊന്നുമല്ലെന്ന് പറഞ്ഞു കൊണ്ട് കമല്‍ സാര്‍ അനുരാധയെ കണ്ണിറുക്കി കാണിച്ചു. അതോടെ അനുരാധ പിന്നെ ഒന്നും പറഞ്ഞില്ല. ഞാന്‍ നോക്കുമ്പോള്‍ കാണാനൊക്കെ ഭംഗിയുണ്ട് കണ്ടാൽ കഴിക്കാനും തോന്നും. കഴിക്കാമെന്ന് കരുതി. അപ്പോഴാണ് അപ്പുറത്ത് നിന്നിരുന്ന സെറ്റിലെ ഒരാൾ അത് പാമ്പാണെന്ന് ആംഗ്യം കാണിച്ചത്. ഇതൊക്കെ എങ്ങനെയാണ് കഴിക്കാൻ തോന്നുന്നത് എന്ന് ഞാൻ കമൽ സാറിനോട് ചോദിച്ചു. കഴിക്കുന്നത് കൊണ്ട് ഒരു പ്രശ്നവുമില്ലെന്ന് പറഞ്ഞ് അദ്ധേഹം ഒരു കഷണം എടുത്ത് കഴിച്ചു.” ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉർവശി തന്റെ അനുഭവം തുറന്നുപറഞ്ഞത്.

1984 ൽ പുറത്തിറങ്ങിയ ‘എതിർപ്പുകൾ’ എന്ന ചിത്രത്തിലൂടെയാണ് ഉർവശി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആശിഷ് ചിന്നപ്പ സംവിധാനം ചെയ്ത ജലധാര പമ്പ്സെറ്റ് ആണ് ഉർവശിയുടെ ഏറ്റവും പുതിയ മലയാള ചിത്രം.