ഏതോ ഒരുത്തന്‍ എനിക്ക് മെസേജ് അയക്കുമ്പോള്‍ അവന്‍ നാളെ സൂപ്പര്‍ ഹിറ്റ് സംവിധായകനാകുമെന്ന് അറിയില്ലല്ലോ: ജൂഡ് ആന്തണി

‘ഓപ്പറേഷന്‍ ജാവ’ കണ്ട ശേഷം തരുണ്‍ മൂര്‍ത്തിക്ക് മെസേജയച്ച കഥ പറഞ്ഞ് സംവിധായകന്‍ ജൂഡ് ആന്തണി. തരുണിന്റെ ഫെയ്‌സ്ബുക്ക് ഐഡി തപ്പിപിടിച്ച് മെസേജ് അയക്കന്‍ നോക്കിയപ്പോഴാണ് അവന്‍ തനിക്ക് നേരത്തെ അയച്ച മെസേജുകള്‍ കാണുന്നത് എന്നാണ് ജൂഡ് ബിഹൈന്‍ഡ്വുഡ്സ് ഐസിനോട് പ്രതികരിച്ചത്.

ഓപ്പറേഷന്‍ ജാവ കണ്ടിട്ട് തരുണിന്റെ ഫെയ്‌സ്ബുക്കിലെ പേര് കണ്ടുപിടിച്ച് മെസേജ് അയക്കാന്‍ നോക്കുമ്പോള്‍ ഇവന്‍ തനിക്ക് നേരത്തെ അയച്ച മെസേജുകള്‍ ഒക്കെ അവിടെ കിടക്കുന്നു. താന്‍ അതൊന്നും മൈന്‍ഡ് ചെയ്യാറില്ലായിരുന്നു.

കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു തരുണ്‍ മൂര്‍ത്തി തനിക്ക് മെസേജ് അയക്കുമ്പോള്‍ അവന്‍ നാളെ ഒപ്പറേഷന്‍ ജാവ ചെയ്യുമെന്നും സൂപ്പര്‍ ഹിറ്റ് സംവിധായകനാകുമെന്നും അറിയില്ലല്ലോ. ഏതോ ഒരു തരുണ്‍ മൂര്‍ത്തി മെസേജ് അയക്കുന്നു എന്നാണ് അന്ന് വിചാരിക്കുന്നത് എന്നാണ് ജൂഡ് പറയുന്നത്.

ഓപ്പറേഷന്‍ ജാവ സംവിധാനം ചെയ്യുന്നതിന് മുമ്പ് ചാന്‍സ് ചോദിച്ച് സംവിധായകരെ വിളിച്ച അനുഭവങ്ങള്‍ തരുണ്‍ മൂര്‍ത്തിയും അഭിമുഖത്തില്‍ പങ്കുവെച്ചു. ടിനു ചേട്ടന്‍ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ചെയ്യുന്ന സമയത്ത് ഒരു സുഹൃത്ത് തന്നെ വിളിച്ചു പറഞ്ഞു.

അങ്ങനെ താന്‍ ടിനു ചേട്ടനെ വിളിച്ചു. ‘എടാ മോനേ നിനക്ക് ഓഡിഷന് ഫോട്ടോ അയക്കാന്‍ പാടില്ലേ. അതില്‍ അയക്ക്, ഉണ്ടെങ്കില്‍ വിളിക്കാം’ എന്നാണ് ചേട്ടന്‍ പറഞ്ഞത്. ഒകെ ചേട്ടാ എന്ന് പറഞ്ഞ് താന്‍ വച്ചു. ജൂണിന്റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ ഇതുപോലെ അഹമ്മദ് കബീറിനെ വിളിച്ചിട്ടുണ്ടെന്നും തരുണ്‍ പറഞ്ഞു