ഞാന്‍ ഇടത് സഞ്ചാരി, പുകസ കാലഹരണപ്പെട്ട സംഘടന: ജോയ് മാത്യു

നേരിനും നെറിയ്ക്കും വേണ്ടി ചിന്തിക്കുന്ന ഇടത് ചിന്താഗതിയുള്ള ആളാണ് താനെന്ന് നടന്‍ ജോയ് മാത്യു. ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം തന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ പങ്കുവെച്ചത്. പുരോഗമന കലാ സാഹിത്യ സംഘം കാലഹരണപ്പെട്ട ഒരു സംഘടനയാണ് എന്നും അദ്ദേഹം വിമര്‍ശിച്ചു.

പല സംഘടനകളും ഫണ്ട് വരുന്നതിനാലാണ് ഇപ്പോഴും പിടിച്ച് നില്‍ക്കുന്നത് എന്നും അല്ലാത്ത പക്ഷം അവയെല്ലാം എന്നേ പിരിച്ചുവിട്ടേനെ എന്നും ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു. ജോയ് മാത്യുവിന്റെ വാക്കുകള്‍ ഇങ്ങനെ…ഇടത് സഞ്ചാരിയാണ് ഞാന്‍.

നിങ്ങള്‍ ഉദ്ദേശിക്കുന്ന ഇടതുപക്ഷം ഏതാണ്. അത് തെറ്റായിക്കൂടെ. നിങ്ങള്‍ ഇടതുപക്ഷം എന്ന് പറയുന്നത് ഇവിടത്തെ കേരളത്തിലെ ഇന്ത്യയിലെ സി പി ഐം എ, സി പി ഐ പിന്നെ കുറെ ഞാഞ്ഞൂല്‍ പാര്‍ട്ടികളും കൂടി ചേര്‍ന്നിട്ടുള്ള ഒരു ലെഫ്റ്റ്.

ആ ലെഫ്റ്റ് അല്ല ഞാന്‍. ഞാന്‍ എന്റേതായ ലെഫ്റ്റ് ആണ്. നേരിന്റെ ലെഫ്റ്റ്, നെറിയുടെ ലെഫ്റ്റ് ആണ്.പുരോഗമനപരമായി ചിന്തിക്കുന്ന മാനവരാശിക്ക് ഗുണപരമായ കാര്യങ്ങള്‍ ചെയ്യുന്ന ഒന്നാണ് ഇടതുപക്ഷം. പു.ക.സ ഒരു കാലഹരണപ്പെട്ട സംഘടനയാണ് ശരിക്കും. ഓരോ സംഘടനയ്ക്കും ഒരു കാലം കഴിഞ്ഞാല്‍ അത് ആവശ്യമില്ല. ഗാന്ധിജി തന്നെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ സമയത്ത് കോണ്‍ഗ്രസ് പിരിച്ചുവിടാന്‍ പറഞ്ഞ ആളാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.