ഇനി ഫീല്‍ ഗുഡ് ഇല്ല, ആസിഫ് അലിക്ക് ഒപ്പം പുതിയ ത്രില്ലര്‍ ചിത്രം: ജിസ് ജോയ്

മലയാള സിനിമയില്‍ ഫീല്‍ ഗുഡ് സിനിമകള്‍ ഒരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് ജിസ് ജോയ്. ആസിഫ് അലിയാണ് ജിസ് ജോയ് ചിത്രങ്ങളില്‍ കൂടുതല്‍ അഭിനയിച്ചിട്ടുള്ള നടന്‍. ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. എന്നാല്‍ ഫീല്‍ഗുഡ് ആയിരിക്കില്ല, ത്രില്ലര്‍ ആകും എന്നാണ് സംവിധായകന്‍ പറയുന്നത്.

തന്റെ മുന്‍ സിനിമകളെല്ലാം ഒരു ഫീല്‍ ഗുഡ് പാറ്റേണിലായിരുന്നു. എന്നാല്‍ പുതിയ ചിത്രം അങ്ങനെയല്ല, ചിത്രത്തില്‍ പാട്ടുകളൊന്നുമില്ല. കേന്ദ്ര കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്, ഇതൊരു ഔട്ട് ആന്റ് ഔട്ട് ത്രില്ലറായിരിക്കും എന്നാണ് ജിസ് ജോയ് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിക്കുന്നത്.

ചിത്രത്തില്‍ ആന്റണി വര്‍ഗീസ്, നിമിഷ സജയന്‍, റെബ മോണിക്ക ജോണ്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തും. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്.

ബൈസിക്കിള്‍ തീവ്‌സ്, സണ്ടേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ ചിത്രങ്ങളിലാണ് ആസിഫ് അലിയും ജിസ് ജോയ്‌യും ഒന്നിച്ചത്. ജിസ് ജോയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം മോഹന്‍കുമാര്‍ ഫാന്‍സ് ആണ്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ആയിരുന്നു നായകന്‍.