'മാസ്ക്കും ഹുഡ്ഡിയുമൊക്കെ ഇട്ട് ഒളിച്ചു പോണം, അപ്പോൾ പുറകെ കൂടി വന്ന് കണ്ടു പിടിക്കും; സിനിമയിലെ എയർപോർട്ട് ഫോട്ടോഗ്രാഫി എന്ന പി. ആർ വർക്കിനെ കുറിച്ച് വെളിപ്പെടുത്തി ജയറാം

സിനിമയിലെ പി. ആർ വർക്ക് എപ്പോഴും ചർച്ചയാവുന്ന ഒരു കാര്യമാണ്. ഇപ്പോഴിതാ അത്തരമൊരു പി. ആർ വർക്കിനെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ജയറാം.

ഇപ്പോൾ റീൽസുകളിലും മറ്റും പ്രധാനമായും കാണുന്ന ഒന്നാണ് സിനിമ താരങ്ങളുടെ എയർപോർട്ട് എൻട്രിയും ആരാധകർ അവരെ തിരിച്ചറിയുന്നതും മറ്റുമായുള്ള വീഡിയോ. ഇതെല്ലാം താരങ്ങളുടെ പി. ആർ വർക്കിന്റെ ഭാഗമാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?

എന്നാൽ, സിനിമ മേഖലയിൽ എയർപോർട്ട് ഫോട്ടോഗ്രഫി എന്ന പേരിൽ സജീവമായി നിലനിൽക്കുന്ന ഒരു തരം പി. ആർ വർക്ക് ഹൈദരബാദ് പോലെയുള്ള സ്ഥലങ്ങളിൽ സജീവമാണ് എന്നാണ് ജയറാം പറയുന്നത്.

“ഹൈദരബാദിൽ ഞാൻ ഷൂട്ടിംഗിന് പോകാറുണ്ട് അവിടെ എയർപോർട്ട് ഫോട്ടോഗ്രാഫി എന്നു പറയുന്ന ഒരു ഫോട്ടോഗ്രാഫിയുണ്ട്. അതിനുള്ള ആൾക്കാർ ഉണ്ട്. അവർ സെറ്റിലുള്ള മറ്റ് അഭിനേതാക്കളുടെ അടുത്ത് ചെല്ലുന്നത് പോലെ എൻറെ അടുത്തും വരും.

സർ, വൈകുന്നേരം പോകുന്നുണ്ടെകിൽ എയർപോർട്ടിൽ, വേണമെങ്കിൽ…., എന്നൊക്കെ ചോദിക്കും. അവർ ഫാൻസിനെ ഉൾപ്പടെ കൊണ്ടു വരും. നമ്മുടെ കൂട്ടത്തിലേ ക്കുള്ള ആൾക്കാരെ ഉൾപ്പടെ അവർ റെഡിയാക്കും.

അങ്ങനെ ഞാൻ ഹൈദരബാദ് എയർപോർട്ടിൽ കൂടെ പത്ത് പേരുമായി നടന്നു വരുന്നത് അവർ ഫോട്ടോ എടുത്തിട്ട് അന്ന് തന്നെ പോസ്‌റ്റ് ചെയ്ത്‌ തരും

പിന്നെ വേറെ ഒരു ടൈപ്പ് കൂടി അവർ എടുത്ത് തരും. മാസ്ക്കും ഹുഡ്ഡിയുമൊക്കെ ഇട്ട് ഒളിച്ചു പോണം. അപ്പോൾ പുറകെ കൂടി വന്ന് കണ്ടു പിടിക്കും. എന്നിട്ട് ഓ ജയറാം എന്നൊക്കെ പറഞ്ഞ് ആള് കൂടും.

പണ്ടത്തെ പോലെ അല്ല സിനിമ. പി ആർ വർക്ക് ഒക്കെ വേണ്ട കാലമാണ് ഇത്. നമ്മൾ നമ്മളെ തന്നെ ബിസിനസ് ചെയ്യണം. എന്നാൽ ഞാൻ അതിൽ നൂറ് ശതമാനം തോറ്റ ആളായിട്ടാണ് തോന്നുന്നത്.” എന്നാണ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ജയറാം ഇക്കാര്യം വെളിപ്പെടുത്തിയത്.