ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉള്‍പ്പെടെയുള്ള വലിയ ശിഷ്യന്മാരെ കാണുമ്പോള്‍ ഇന്നും ആ പഴയ കോളജ് അധ്യാപകനാകും: ജഗദീഷ്

എംകോമിന് ഒന്നാം റാങ്ക് കിട്ടും മുമ്പ് ബാങ്ക് ജോലി കിട്ടിയ കാര്യവും അധ്യാപനം ഉപേക്ഷിച്ച് സിനിമയില്‍ എത്തിയതിനെ കുറിച്ചും തുറന്നു പറഞ്ഞ് ജഗദീഷ്. അഭിനയം തൊഴിലാകുമെന്ന് സ്വപ്നത്തില്‍ വിചാരിച്ചിരുന്നില്ലെന്നും മിമിക്രിയും മോണോ ആക്ടും തുണച്ചതു കൊണ്ടാണു സിനിമയില്‍ അവസരം ലഭിച്ചതെന്നും ജഗദീഷ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

എംകോം റിസള്‍ട്ട് വരുന്നതിന് മുമ്പ് തന്നെ കാനറാ ബാങ്കില്‍ ജോലി കിട്ടി, എംകോമിന് ഫസ്റ്റ് റാങ്കും. ആദ്യ പോസ്റ്റിംഗ് മലപ്പുറത്തെ എടപ്പാളിലാണ് കിട്ടിയത്. പിന്നീട് തിരുവനന്തപുരത്തേക്കു സ്ഥലം മാറ്റം കിട്ടി, പക്ഷേ അപ്പോള്‍ താന്‍ ഇഷ്ടപ്പെട്ട ജോലിക്കായുള്ള അന്വേഷണം സജീവമാക്കിയിരുന്നു. അങ്ങനെയാണ് എന്‍എസ്എസ് കോളേജുകളില്‍ കൊമേഴ്‌സ് അധ്യാപകനാകാനുള്ള പരസ്യം കണ്ട് അപേക്ഷ അയച്ചത്.

ബാങ്ക് ജോലി ഉപേക്ഷിക്കരുതെന്ന് പലരും പറഞ്ഞുവെങ്കിലും, മനസിലുള്ള അധ്യാപകന്‍ തന്നെ ആ ലക്ഷ്യത്തിലേക്ക് നയിക്കുകയായിരുന്നു. ആദ്യ പോസ്റ്റിംഗ് കണ്ണൂര്‍ മട്ടന്നൂര്‍ എന്‍എസ്എസ് കോളേജിലായിരുന്നു. സിനിമാ അഭിനയം തൊഴിലാകുമെന്ന് സ്വപ്നത്തില്‍ വിചാരിച്ചിരുന്നില്ലെന്നും മിമിക്രിയും മോണോ ആക്ടും തുണച്ചതു കൊണ്ടാണു സിനിമയില്‍ അവസരം ലഭിച്ചത്.

‘മൈ ഡിയര്‍ കുട്ടിച്ചാത്തനി’ല്‍ ഒരു ചെറിയ വേഷം കിട്ടിയത് തന്റെ കലാപരമായ മികവ് കൊണ്ടാണ്. പ്രിയദര്‍ശന്റെ ‘ഓടരുതമ്മാവാ ആളറിയാം’ ആയിരുന്നു രണ്ടാമത്തെ സിനിമ. അത് കരിയറില്‍ ബ്രേക്കാകുകയായിരുന്നു. പിന്നീട് തുടര്‍ച്ചയായി സിനിമകള്‍ കിട്ടി. അന്ന് അഭിനയത്തിരക്കിനിടയിലും സ്‌പെഷ്യല്‍ ക്ലാസുകളെടുത്താണ് കോളേജില്‍ പോര്‍ഷനുകള്‍ പൂര്‍ത്തിയാക്കിയത്.

പക്ഷേ, കരിയറില്‍ അതിനും സമയം കിട്ടാത്ത തിരക്കായതോടെയാണ് സ്വപ്ന ജോലി മാറ്റിവച്ചു സിനിമ കരിയറാക്കി മാറ്റിയത്. ഏഴു വര്‍ഷത്തോളം അധ്യാപകനായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഇന്നത്തെ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉള്‍പ്പെടെ ഒട്ടനവധി വലിയ ശിഷ്യന്മാരെ കാണുമ്പോള്‍ താന്‍ ഇന്നും ആ പഴയ കോളജ് അധ്യാപകനാകുമെന്നും ജഗദീഷ് പറയുന്നു.