ആ വീഡിയോ പല രീതിയിൽ ഡിലീറ്റ് ചെയ്യാൻ താൻ ശ്രമിച്ചു നോക്കി, പക്ഷെ ഒരു നിവൃത്തിയില്ല: നവ്യാ നായര്‍

കലോത്സവത്തില്‍ പങ്കെടുത്തതിന്‍റെ ഓര്‍മ്മകള്‍ പങ്കുവെച്ച് നടി നവ്യ നായർ. എറണാകുളം കാലടിയിൽ ഇന്നലെ ആരംഭിച്ച സംസ്ഥാന സിബിഎസ്ഇ സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് താരം തന്റെ ഓർമ്മകൾ പങ്കുവച്ചത്.

2001ലെ സ്കൂള്‍ കലോത്സവത്തില്‍ കലാതിലകം നഷ്ടപ്പെട്ടതിന്‍റെ സങ്കടത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരയുന്ന ഒരു വീഡിയോയെ കുറിച്ചാണ് നവ്യ സംസാരിച്ചു തുടങ്ങിയത്. താൻ കരയുന്ന വീഡിയോ പല രീതിയിൽ താൻ ശ്രമിച്ചു നോക്കി അതൊന്ന് ഡിലീറ്റ് ചെയ്യാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്ന്, പക്ഷെ ഒരു നിവൃത്തിയില്ല എന്നാണ് നവ്യ സദസിൽ പറഞ്ഞത്.

സമ്മാനം കിട്ടാതിരുന്നതിലല്ല, ഗ്രേഡ് കുറഞ്ഞു പോയതിലായിരുന്നു തന്റെ വിഷമം എന്നും ബി ഗ്രേഡ് കിട്ടിയതിന്റെ വിഷമത്തിലാണ് താൻ പറഞ്ഞതെന്നും നവ്യ പറഞ്ഞു.’ പതിനഞ്ച് വയസുള്ള ഞാൻ പൊട്ടികരഞ്ഞും പോയി, അതോടൊപ്പം തന്നെ അറിയാതെ ചില കുറ്റപ്പെടുത്തലുകൾ എന്റെ ഭാഗത്ത് നിന്നും ഉണ്ടായി’

‘എന്റെ അറിവുകേടോ അല്ലെങ്കിൽ ആ നേരത്തെ മനസിന്റെ സങ്കടമോ കൊണ്ട് മറ്റേ കുട്ടി ഒന്നും ചെയ്തില്ല എന്ന് പറഞ്ഞു. സത്യത്തിൽ മറ്റേ കുട്ടി എന്താ ചെയ്തതെന്ന് പോലും എനിക്ക് അറിയുന്നുണ്ടായിരുന്നില്ല, ഞാൻ അവരുടെ പെർഫോമൻസ് പോലും കണ്ടിട്ടില്ല’ എന്നും നവ്യ കൂട്ടിച്ചേർത്തു.

ഒരു ദിവസത്തെ കലാപ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന വിജയത്തെയോ മാർക്കിനെയോ ആശ്രയിച്ചല്ല കലയെ ഇഷ്ടപ്പെടുന്നവരുടെ ജീവിതം നിർണയിക്കപ്പെടുന്നത് എന്നും താരം പറഞ്ഞു.