ചുമ്മാ ഒരു ഹരത്തിന് വേണ്ടി ചെയ്തതാ, പക്ഷേ ഇപ്പൊ ഇതിന്റെ മുകളില്‍ ഫൗണ്ടേഷന്‍ ഇടുകയാണ്: ഇന്ദ്രജിത്ത്

തന്റെ കൈയ്യിലെ ടാറ്റുവിനെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ ഇന്ദ്രജിത്ത്. ഭാര്യ പൂര്‍ണിമയേയും മക്കളായ പ്രാര്‍ത്ഥനയേയും നക്ഷത്രയേയും സൂചിപ്പിക്കുന്ന പ്രതീകാത്മക ചിത്രങ്ങളാണ് ഇന്ദ്രജിത് തന്റെ കൈയില്‍ ടാറ്റൂ കുത്തിയിരിക്കുന്നത്.

ഇത് കുറച്ച് കാലമായി ചെയ്തിട്ട്. മൂന്ന് നാല് വര്‍ഷമായി. ചുമ്മാ ഒരു ഹരത്തിന് വേണ്ടി ചെയ്തതാ. പക്ഷേ ഇപ്പൊ കഥാപാത്രങ്ങളൊക്കെ ചെയ്യുമ്പോള്‍ ഇതിന്റെ മുകളില്‍ ഫൗണ്ടേഷന്‍ ഇടുകയാണ്. ഒരു സിമ്പോളിക് ടാറ്റു ആണ്. ഒരു ഫുള്‍മൂണ്‍ ഉണ്ട്, പൂര്‍ണിമ, സ്റ്റാര്‍സ് ഉണ്ട്, നക്ഷത്ര എന്നാണ് താരം പറയുന്നത്.

അതേസമയം, ആഹാ ആണ് ഇന്ദ്രജിത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്ത ചിത്രം വടംവലി പ്രമേയമാക്കിയാണ് ഒരുക്കിയത്. ആദ്യം ഈ സിനിമ രണ്ട് ഷെഡ്യൂള്‍ ആയിട്ടായിരുന്നു പ്ലാന്‍ ചെയ്തത്. വയസായ ഗെറ്റപ്പ് ആദ്യം ഷൂട്ട് ചെയ്ത്, പിന്നെ ശരീരഭാരം കുറച്ച് ഫ്ളാഷ്ബാക്ക് ഷൂട്ട് ചെയ്യാം എന്നായിരുന്നു പ്ലാന്‍.

ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം അത് നടന്നില്ല. ഈ രണ്ട് ഗെറ്റപ്പും ഒരു ദിവസം തന്നെ ഷൂട്ട് ചെയ്യേണ്ട അവസ്ഥ വരെയുണ്ടായി. രാവിലെ യങ്ങും വൈകീട്ട് ഓള്‍ഡും. അങ്ങനെ ഷൂട്ട് ചെയ്തു എന്നാണ് ഇന്ദ്രജിത്ത് കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

2008ലെ വടംവലി സീസണില്‍ എഴുപത്തിമൂന്ന് മത്സരങ്ങളില്‍ എഴുപത്തിരണ്ടിലും ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയ ”ആഹാ നീലൂര്‍” എന്ന ടീമിനോടുള്ള ബഹുമാനസൂചകമായാണ് ചിത്രത്തിന് ആഹാ എന്ന പേര് നല്‍കിയിരിക്കുന്നത്.