ആറ് മാസം ഫ്രെയിമില്‍ ഇല്ലെങ്കില്‍, അയാളൊന്നും സിനിമയ്ക്ക് അത്യാവശ്യമല്ല, ഔട്ടായി പോകും, അത് വേണ്ടായിരുന്നു, മമ്മൂട്ടി പറഞ്ഞത് നന്നായി: വിനയന്‍

ശ്രീനാഥ് ഭാസിയെ വിലക്കിയ സംഭവത്തില്‍ പ്രതികരിച്ച് മമ്മൂട്ടി എത്തിയത് ചര്‍ച്ചയായിരുന്നു. ആരെയും ജോലിയില്‍ നിന്ന് വിലക്കാന്‍ പാടില്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍.

വിലക്ക് എന്ന വാക്ക് പോലും എടുത്തു കളയണമെന്നും മമ്മൂട്ടി പ്രതികരിച്ചത് നന്നായെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തിലാണ് വിനയന്‍ ഇത് പറഞ്ഞത്. വിലക്ക് എന്ന വാക്ക് ഒഴിവാക്കണം. ഒരാളുടെ തൊഴില്‍ നിഷേധിച്ച് അയാളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടുന്ന നടപടി ശരിയല്ല. ശ്രീനാഥ് ഭാസി എന്നോട് സംസാരിച്ചിരുന്നു. അങ്ങനെ ഞാന്‍ നിര്‍മ്മാതാവ് രഞ്ജിത്തിനെ വിളിച്ചു. അത്തരമൊരു വിലക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ശ്രീനാഥ് ഭാസി ചെയ്തതിനെ ഞാന്‍ ഒരിക്കലും ന്യായീകരിക്കില്ല. അത് തെറ്റ് തന്നെയാണ്. സിനിമക്കാര്‍ക്കിടയില്‍ ഒരു അച്ചടക്കം വേണം. സിനിമ എന്നത് കോടികള്‍ മുടക്കിയുള്ള ഒരു ബിസിനസാണ്. ശ്രീനാഥ് ഭാസി മാത്രമല്ല പല ചെറുപ്പക്കാരും ഇത്തരത്തില്‍ അച്ചടക്കമില്ലാതെ പെരുമാറുന്നുണ്ട്. മാപ്പ് പറഞ്ഞ ശേഷവും ഇത്തരമൊരു വിലക്ക് തുടരേണ്ട ആവശ്യമുണ്ടായിരുന്നോ എന്നതാണ് സംശയം’

ഒരു ആറ് മാസം ഫ്രെയിമില്‍ ഇല്ലെങ്കില്‍, അയാളൊന്നും മലയാള സിനിമയ്ക്ക് അത്യാവശ്യമല്ല, ഔട്ടായി പോകും. അത് വേണ്ടായിരുന്നു എന്നാണ് എന്റെ അഭിപ്രായം. വിനയന്‍ പറഞ്ഞു.