ഇന്ന് അതേ ചോദ്യം ചോദിച്ചിരുന്നെങ്കില്‍ എന്റെ മറുപടി മറ്റൊന്നായേനെ: അനുപമ പരമേശ്വരന്‍

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് എത്തി, ശ്രദ്ധേയയായ നടിയാണ് അനുപമ പരമേശ്വരന്‍. സിനിമയിലെ അനുപമയുടെ കഥാപാത്രം മേരിയുടെ മുടിയും വലിയ തരംഗമായി .

ആ സമയത്ത് ഒരു ടെലിവിഷന്‍ പരിപാടിയ്ക്ക് ഇടയില്‍ തന്റെ സുഹൃത്ത് ചോദിച്ച ഒരു ചോദ്യവും അതിന് താന്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ അനുപമ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ഇന്ന് അതേ ചോദ്യം ചോദിച്ചിരുന്നെങ്കില്‍ തന്റെ മറുപടി മറ്റൊന്നായേനെയെന്ന് പറഞ്ഞുകൊണ്ടാണ് അനുപമ സംഭവം വിവരിച്ചത്.

പണ്ട് ജോണ്‍ ബ്രിട്ടാസിന്റെ ഇന്റര്‍വ്യൂവില്‍ എന്റെ സുഹൃത്ത് ഒരു ചോദ്യം ചോദിച്ചിരുന്നു. മണിരത്‌നം സാര്‍ ഒരു സിനിമയിലേക്ക് വിളിക്കുകയാണ് പക്ഷേ അത് ചെയ്യണമെങ്കില്‍ തല മൊട്ടയടിക്കണം. പോകുമോയെന്ന്. അന്ന് ഞാന്‍ പതിനെട്ട് വയസുള്ള ഒരു കുട്ടിയാണ്. എന്റെ മുടി മൊത്തം ഒറ്റയടിക്ക് മൊട്ടയടിക്കാനൊക്കെ പറഞ്ഞാല്‍.. അത് പറ്റില്ല എന്ന് ഞാന്‍ പറഞ്ഞു.

പക്ഷെ ഇന്നത്തെ ഞാനാണെങ്കില്‍ പറയും, മണിരത്‌നം സര്‍ എന്നെ വിളിച്ചാല്‍, മുടി പോട്ടെ പുല്ല്, ദേ വരുന്നു എന്ന് പറഞ്ഞ് ഞാന്‍ പോവും. മുടി ഇന്ന് വരും നാളെ പോകും എന്ന് കരുതും,’ അനുപമ പറഞ്ഞു. പ്രേമത്തിലെ ഹെയര്‍ സ്‌റ്റൈല്‍ താന്‍ പിന്നീട് ഉപയോഗിച്ചിട്ടില്ലെന്നും നടി പറഞ്ഞു.