ആ ചിത്രം ഞാന്‍ ഒഴിവാക്കി, ഇന്ദ്രന്‍സേട്ടന്റെ പ്രകടനം കണ്ട് കരഞ്ഞു: ജയസൂര്യ

ഒടിടിയില്‍ റിലീസ് ചെയ്ത് വലിയ ശ്രദ്ധ നേടിയ ഇന്ദ്രന്‍സ് ചിത്രമാണ് ഹോം. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മിച്ചത്. ആമസോണ്‍ പ്രൈം റിലീസ് ആയെത്തിയ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ഇന്ദ്രന്‍സിന്റെ ഗംഭീര പ്രകടനമായിരുന്നു.

ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത നടന്‍ ജയസൂര്യ. ഇന്ദ്രന്‍സ് ചെയ്ത കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് തന്നെ ആയിരുന്നുവെന്നും, അച്ഛനും മകനുമായി ഇരട്ട വേഷം ചെയ്യാനാണ് തന്നെ സമീപിച്ചതെന്നും ജയസൂര്യ പറയുന്നു. എന്നാല്‍ പിന്നീട് താന്‍ ചിത്രം ഒഴിവാക്കുകയായിരുന്നുവെന്നും ജയസൂര്യ പറഞ്ഞു.

തനിക്ക് ആ കഥാപാത്രം ചെയ്യാന്‍ പറ്റുമെന്ന് തോന്നിയില്ലെന്നും അത് കൊണ്ടാണ് ഒഴിഞ്ഞതെന്നും ജയസൂര്യ പറയുന്നു. അതോടെ റോജിന് വിഷമം ആയെങ്കിലും ഇന്ദ്രന്‍സേട്ടന്‍ വന്നപ്പോള്‍ താന്‍ റോജിനോട് പറഞ്ഞത് ഉഗ്രന്‍ സിനിമ ആണെടാ ഇന്ദ്രന്‍സേട്ടന്‍ വരുമ്പോള്‍ നീ നോക്ക് എന്നാണെന്നും ജയസൂര്യ ഓര്‍ത്തെടുക്കുന്നു.

ഇന്ദ്രന്‍സേട്ടന്‍ അതില്‍ കാഴ്ചവെച്ച പ്രകടനത്തിന്റെ മുകളില്‍ പോയിട്ട് അതിന്റെ സൈഡില്‍ പോലും പോലും തനിക്ക് ചെയ്യാന്‍ പറ്റില്ല എന്നും, ആ ചിത്രം കണ്ടപ്പോള്‍ താന്‍ പല ഭാഗത്തും കരഞ്ഞു എന്നും ജയസൂര്യ പറയുന്നു. കൗമുദി മൂവീസിനു നല്‍കിയ അഭിമുഖത്തിലാണ് ജയസൂര്യ ഇത് വ്യക്തമാക്കിയത്.