'ഞാന്‍ എന്താ നിങ്ങളെ പിടിച്ചു തിന്നുമോ' എന്ന് മമ്മൂക്ക ചോദിക്കും.. അദ്ദേഹത്തോടുള്ള ഭയത്തിന് പിന്നില്‍..: ഗ്രേസ് ആന്റണി

ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടി ഗ്രേസ് ആന്റണി. ‘റോഷാക്ക്’ സിനിമയിലേക്ക് തന്നെ നിര്‍ദേശിച്ചത് മമ്മൂക്കയാണെന്ന് അറിഞ്ഞപ്പോള്‍ അംഗീകാരമായി തോന്നി. സെറ്റില്‍ മമ്മൂട്ടി വെള്ളം പോലെ ഒഴുകി നടക്കും. ഒപ്പം അഭിനയിക്കുമ്പോള്‍ എക്‌സൈറ്റ്‌മെന്റ് ആയിരുന്നു. കഥാപാത്രത്തിന് വേണ്ടി മമ്മൂക്ക എന്തും ചെയ്യുമെന്നും ഗ്രേസ് ആന്റണി പറയുന്നു.

മമ്മൂക്കയാണ് ഈ കഥാപാത്രത്തിലേക്ക് തന്നെ നിര്‍ദേശിച്ചത് എന്ന് അറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി. സിനിമാ മേഖലയില്‍ താരതമ്യേന പുതുമുഖമായ തന്നെ മമ്മൂക്ക നിര്‍ദേശിച്ചു എന്നത് വലിയൊരു അംഗീകാരമായിരുന്നു. ലൊക്കേഷനില്‍ ആയാലും ഒരു പുതിയ ആളെന്ന നിലയില്‍ തന്നെ മാറ്റി നിര്‍ത്തിയിട്ടില്ല.

ശരിക്കും വെള്ളം പോലെയാണ് മമ്മൂക്ക. തന്റെ അടുത്ത് നില്‍ക്കുമ്പോള്‍ വെള്ളം പോലെ തന്റെ പ്രായത്തിലേക്ക് ഒഴുകും, തന്നെ ചിരിപ്പിച്ച്, തമാശ പറഞ്ഞു സന്തോഷിപ്പിച്ച് നില്‍ക്കും. സീനിയര്‍ ആയ ഒരാളോടൊപ്പമാണെങ്കില്‍ അവരോടൊപ്പം കൂടും. എല്ലാവര്‍ക്കും മമ്മൂക്കയുടെ അടുത്ത് നില്‍ക്കുമ്പോള്‍ ബഹുമാനത്തില്‍ നിന്ന് വരുന്ന ഒരു ഭയമുണ്ട്.

അത് കാണുമ്പൊള്‍ മമ്മൂക്ക ചോദിക്കും ‘ഞാന്‍ എന്താ നിങ്ങളെ പിടിച്ചു തിന്നുമോ’ എന്ന്. മമ്മൂക്കയോടൊപ്പം അഭിനയിക്കുമ്പോള്‍ എക്‌സൈറ്റ്‌മെന്റ് ആയിരുന്നു. നമ്മള്‍ ചെയ്യുന്നത് ഇക്ക നോക്കി നില്‍ക്കും അപ്പോള്‍ നമുക്ക് ഒരു ചമ്മല്‍ ഉണ്ടാകുമല്ലോ. പക്ഷേ അത് ആദ്യത്തെ ദിവസം മാത്രമേ ഉള്ളൂ. ‘ആ ഷോട്ട് നന്നായിരുന്നു കേട്ടോ’ എന്ന് വന്ന് പറയും.

താന്‍ ഇക്കയുടെ കൈ പിടിച്ചു വലിക്കുന്ന ഒരു ഷോട്ട് ഉണ്ടായിരുന്നു. പതിയെ അദ്ദേഹത്തിന്റെ കൈ പിടിച്ചു വലിച്ചു അപ്പോള്‍ അദ്ദേഹം പറഞ്ഞു ‘എന്റെ കൊച്ചെ നീ മുറുക്കെ പിടിച്ചു വലിച്ചോ’ എന്ന്. ‘ഇക്കായ്ക്ക് വേദനിച്ചാലോ’ എന്ന് താനും. അദ്ദേഹത്തെ സംബന്ധിച്ച് അടി കൊടുത്തും കൊണ്ടും പിടിച്ചുവലിച്ചും ഒക്കെ നല്ല പരിചയമുണ്ടല്ലോ.

‘പിടിക്കുന്നെങ്കില്‍ മര്യാദക്ക് പിടിച്ചോ കേട്ടോ’ എന്ന് പറഞ്ഞു. കാരണം ആ ഷോട്ടിന് അങ്ങനെ ചെയ്താലേ ശരിയാകൂ എന്ന് അദ്ദേഹത്തിന് അറിയാം. സിനിമയുടെ പൂര്‍ണതയ്ക്ക് വേണ്ടി എന്ത് ചെയ്യാനും മടിയില്ലാത്ത സൂപ്പര്‍ താരമാണ് മമ്മൂക്ക എന്നാണ് ഗ്രേസ് ആന്റണി പറയുന്നത്. അതേസമയം, റോഷാക്ക് ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്.