ഞങ്ങളുടെ ചിരകാല സ്വപ്‌നം അങ്ങ് യാഥാര്‍ത്ഥ്യമാക്കി, സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ് സുരേഷ് കുമാര്‍

ലേബര്‍ വെല്‍ഫയര്‍ കമ്മീഷണറുടെ കാര്യാലയം തിരുവനന്തപുരത്ത് യാഥാര്‍ഥ്യമാക്കിയ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്ക് ചലച്ചിത്ര പ്രവര്‍ത്തകരുടെ നന്ദി അറിയിച്ച് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ച ലേബര്‍ വെല്‍ഫയര്‍ കമ്മീഷണറുടെ പുതിയ കാര്യാലയം ചലച്ചിത്ര പ്രവര്‍ത്തകരുടെ കാലങ്ങളായുള്ള ആഗ്രഹമായിരുന്നുവെന്നും
ഏഴ് വര്‍ഷം മുന്‍പ് ഉത്തരവിറങ്ങിയിട്ടും കണ്ണൂരിലെ സ്ഥാപിത താല്പര്യക്കാരുടെ ചരടുവലികളിലും ചുവപ്പുനാടയിലും കുടുങ്ങിക്കിടന്നിരുന്ന കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം സുരേഷ്‌ഗോപിയുടെ നിരന്തരശ്രമഫലമായാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ഒരു ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമായി !
26-07-2021 ല്‍ തിരുവനന്തപുരത്തു പ്രവര്‍ത്തനമാരംഭിച്ച ലേബര്‍ വെല്‍ഫയര്‍ കമ്മീഷണറുടെ പുതിയ കാര്യാലയം ചലച്ചിത്രപ്രവര്‍ത്തകരുടെ കാലങ്ങളായുള്ള ആഗ്രഹമായിരുന്നു.
2014-ല്‍ ഉത്തരവിറങ്ങിയിട്ടും ചുവപ്പുനാടയിലും കണ്ണൂരിലെ സ്ഥാപിതതാല്പര്യക്കാരുടെ ചരടുവലികളിലും കുടുങ്ങിക്കിടന്നിരുന്ന കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം പ്രിയങ്കരനായ നമ്മുടെ എം.പി.ശ്രീ.സുരേഷ്‌ഗോപിയുടെ നിരന്തരശ്രമഫലമായാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.
ഇതിനുവേണ്ടി അദ്ദേഹം നടത്തിയ സമ്മര്‍ദ്ദങ്ങള്‍ക്കും തുടരന്വേഷണങ്ങള്‍ക്കും വാക്കുകള്‍ കൊണ്ടു നന്ദിപറയുവാനാകില്ല.
കണ്ണൂരില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്ന ഓഫീസ് അവിടെനിന്നും തിരുവനന്തപുരത്തേക്കു മാറ്റുന്നതിനു ചിലവായ പണം ധനമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമനെക്കൊണ്ട് അനുവദിപ്പിച്ചതുള്‍പ്പെടെ ശ്രീ.സുരേഷ് ഗോപി നടത്തിയ ഇടപെടലുകള്‍ ശ്‌ളാഘനീയമാണ് !
സിനി വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ഫണ്ട്(cwwf)ചലച്ചിത്രപ്രവര്‍ത്തകരുടെ ക്ഷേമത്തിനായി കേന്ദ്രഗവണ്‍മെന്റിന്റെ തൊഴില്‍ മന്ത്രാലയം രൂപം കൊടുത്ത ക്ഷേമനിധിയാണ്.
” കണ്ണൂര്‍ കാര്‍ഡ് ” എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ ക്ഷേമനിധിയുടെ ഡിസ്‌പെന്‍സറി വെല്‍ഫയര്‍ കമ്മീഷണറുടെ ഓഫീസിനു കീഴില്‍ ബീഡിത്തൊഴിലാളി ക്ഷേമനിധിയോടൊപ്പം കണ്ണൂരിലും പിന്നെ ഗുരുവായൂരിലും പ്രവര്‍ത്തിച്ചുവരുകയായിരുന്നു.
അടുത്ത കാലത്ത് ഡിസ്‌പെന്‍സറി തിരുവനന്തപുരത്തേക്കു മാറ്റിയിരുന്നു.
ഇന്ത്യയില്‍ തലസ്ഥാന നഗരിയിലല്ലാതെ പ്രവര്‍ത്തിക്കുന്ന രണ്ടേ രണ്ടു വെല്‍ഫയര്‍ കമ്മീഷണര്‍ ഓഫീസുകളേയുള്ളു.
ഒന്ന് കേരളത്തിലും മറ്റൊന്ന് മഹാരാഷ്ട്രയിലും.
ഇപ്പോള്‍ എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് കേരളം വെല്‍ഫയര്‍ കമ്മീഷണറുടെ ഓഫീസ് തിരുവനന്തപുരത്തേക്കു മാറ്റി സ്ഥാപിച്ചു കഴിഞ്ഞു.
ഇനി കേന്ദ്ര ക്ഷേമനിധിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് കണ്ണൂരേയ്ക്കു പോവണ്ട.
മെമ്പര്‍ഷിപ്പിന് അപേക്ഷ നല്‍കി കാര്‍ഡിനായി കാലങ്ങള്‍ കാത്തിരിക്കണ്ട.
നൂലാമാലകളില്‍ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിനു രൂപയുടെ ചികിത്സാ ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്കു എളുപ്പത്തില്‍ ലഭ്യമാകും.
അഞ്ചു വര്‍ഷമായി മുടങ്ങിപ്പോയ സ്‌കോളര്‍ഷിപ്പുകള്‍ വിദ്യാര്‍ത്ഥികള്‍ക്കു കിട്ടിത്തുടങ്ങും.
അടുത്തിടെ കേന്ദ്രഗവണ്‍മെന്റ് നിര്‍ത്തലാക്കുന്നതിനു മുമ്പു വരെ ഹൗസിംഗ് സ്‌കീമിനായി അപേക്ഷിച്ചവര്‍ക്കും അനുകൂല തീരുമാനങ്ങളുണ്ടാകും. ചലച്ചിത്രപ്രവര്‍ത്തകരുടെ നിരവധി ക്ഷേമാനുകൂല്യങ്ങളെക്കുറിച്ച് അന്വേഷിക്കുവാനും അറിയുവാനും വെല്‍ഫയര്‍ കമ്മീഷണര്‍ ഓഫീസ് കൈയെത്തും ദൂരത്തെത്തിക്കഴിഞ്ഞു.
ഈ സ്വപ്നസാക്ഷാത്ക്കാരത്തിനായി നിരന്തരം പ്രവര്‍ത്തിച്ച ശ്രീ.സുരേഷ് ഗോപിയെ ഒരിക്കല്‍ക്കൂടി എല്ലാ കലാകാരന്മാരുടെയും സന്തോഷം അറിയിക്കുകയാണ്.
ഒരു സന്തോഷം കൂടി പങ്കുവെയ്ക്കുന്നു.
നമ്മുടെ വെല്‍ഫയര്‍ കമ്മീഷണറായി ഇപ്പോള്‍ നിയമിതനായിരിക്കുന്ന ശ്രീ.ജെ.യൂജിന്‍ ഗോമസ് തിരുവനന്തപുരം പേട്ട സ്വദേശിയാണ്.
ചലച്ചിത്രപ്രവര്‍ത്തകരെയും സിനിമയെയും സ്‌നേഹിക്കുന്ന പുതിയ കമ്മീഷണര്‍ മലയാളിയാണെന്നതില്‍ നമുക്കു കൂടുതല്‍ ആനന്ദിക്കാം !