നായകനും മാലിക്കും തമ്മിലുള്ള സാമ്യതകള്‍ക്ക് പിന്നില്‍; തുറന്നു പറഞ്ഞ് ഫഹദ് ഫാസില്‍

മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനായി അഭിനയിച്ച പുതിയ ചിത്രം മാലിക് വലിയ ആരോപണങ്ങള്‍ ആണ് നേരിട്ടത്. വിവാദങ്ങള്‍ക്കൊപ്പം തന്നെ 1987ഇല്‍ കമല്‍ ഹാസനെ നായകനാക്കി മണിരത്നം ഒരുക്കിയ നായകനുമായി മാലിക്കിന് ഉള്ള സാമ്യവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നല്‍കിയ ഇതിലെ കേന്ദ്ര കഥാപാത്രവുമായി മാലിക് എന്ന ചിത്രത്തിലെ ഫഹദ് അവതരിപ്പിച്ച സുലൈമാന്‍ എന്ന കഥാപാത്രത്തിന് ഉള്ള സാമ്യതകള്‍ സീനുകള്‍ എണ്ണി പറഞ്ഞു കൊണ്ട് പ്രേക്ഷകര്‍ മുന്നോട്ടു വന്നിരുന്നു.

അതിനെക്കുറിച്ച് ഫഹദ് ഫാസിലിനോട് തന്നെ ഒരു ഓണ്‍ലൈന്‍ അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ. ആ സാമ്യതകള്‍ വരാന്‍ കാരണം, നായകന്‍ എന്ന സിനിമ ഒരു നടന്‍ എന്ന നിലയില്‍ തന്നിലും സംവിധായകന്‍/ രചയിതാവ് എന്ന നിലയില്‍ മഹേഷ് നാരായണിലും ഉണ്ടാക്കിയ സ്വാധീനം അത്ര വലുതായതു കൊണ്ടാണ്.

നായകന്‍ എന്ന ചിത്രം ഒരുക്കിയ അതേ വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രമാണ് മാലിക്കും. അത്‌കൊണ്ട് തന്നെ ആ വിഭാഗത്തിലെ ക്ലാസിക് ആയി മാറിയ നായകനുമായി സാമ്യത ഉള്ള ഒരുപാട് സീനുകള്‍ മാലിക്കില്‍ വരുന്നത് സ്വാഭാവികമാണ് അതൊളിച്ചു വെയ്ക്കാനാവില്ല . ഒരു നടനെന്ന നിലയില്‍ കമല്‍ഹാസന്റെ നായകനിലെ പ്രകടനത്തിന്റെ സ്വാധീനം സുലൈമാന്‍ മാലിക് എന്ന കഥാപാത്രമായി അഭിനയിച്ച തന്റെ പ്രകടനത്തിലും വന്നിട്ടുണ്ടാകാം ഫഹദ് വ്യക്തമാക്കി.