"അനിയത്തിപ്രാവ് പോലെയുള്ള സിനിമകള്‍ ചെയ്യുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം"; ഫഹദ് ഫാസില്‍

അനിയത്തിപ്രാവ് പോലുള്ള ചിത്രങ്ങൾ ചെയ്യാനാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്ന് ഫഹദ് ഫാസില്‍. പേളി മാണി ഷോയില്‍ സംസാരിക്കവേയാണ് ഫഹദ് തന്റെ ആ​ഗ്രഹം തുറന്നു പറഞ്ഞത്. നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യ്ത് ഫഹദ് ഫാസിലിൽ നായകനായെത്തുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഉരുള്‍പൊട്ടലിന്റെ ഭീകരത കാണിച്ചു തരുന്ന ചിത്രത്തിന്റെ ട്രെയിലറിന് വലിയ പ്രേക്ഷകസ്വീകാര്യതയാണ് ലഭിച്ചിട്ടുളളത്.

‘ചാക്കോച്ചനൊക്കെ ചെയ്യുന്നത് പോലെ അനിയത്തി പ്രാവ് പോലെയുള്ള സിനിമകള്‍ ചെയ്യുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം. അതുപോലെ തന്നെ മാളൂട്ടിയോട് സാദൃശ്യമുള്ള ചിത്രമാണ് മലയന്‍കുഞ്ഞെന്നും ഫഹദ് പറഞ്ഞു. മാളൂട്ടിയില്‍ പ്രധാനമായും പുറത്ത് നടക്കുന്ന കാര്യങ്ങളാണ് കാണിക്കുന്നത്. ഇടക്ക് ആ കുട്ടിയുടെ കാര്യങ്ങള്‍ കാണിക്കും. ഈ സിനിമയില്‍  അങ്ങനെ തന്നെയാണ്  ഒരു പോയിന്റിലും പുറത്തേക്ക് പോകുന്നില്ല.

അകത്ത് തന്നെയാണെന്നും ഫഹദ് പറഞ്ഞു. മലയന്‍കുഞ്ഞ് പോലെയുള്ള സിനിമ ചെയ്യുമ്പോഴാണ് ജീവിതത്തിന്റെ മനോഹാരിത മനസിലാക്കുന്നത്. ആ ത്യാഗത്തിന്റെയും യാത്രയുടെയും കഥകള്‍ പറയാന്‍ തനിക്ക് ഭയങ്കര ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ സുഹൃത്തുക്കളായ മഹേഷും സജിയും ദിലീഷും ഒക്കെ ഇങ്ങനത്തെ കഥകളാണ് തന്റെയടുത്ത് കൊണ്ടുവരുന്നത്

20 വര്‍ഷത്തിന് ശേഷം തന്റെ അച്ഛന്‍ നിര്‍മിക്കുന്ന സിനിമയാണ് മലയന്‍ കുഞ്ഞ്. ഇങ്ങനെ ഒരു സിനിമ മലയാളത്തില്‍ അടുത്തിടെയൊന്നും വന്നിട്ടില്ലെന്നും ഫഹദ് കൂട്ടിച്ചേർത്തു . ഒടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണന്‍ ആണ് മലയന്‍കുഞ്ഞിനായി തിരക്കഥ ഒരുക്കുന്നത്. സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.