മമ്മൂട്ടിയുടെ അലര്‍ച്ച കേട്ട് രാഷ്ട്രപതി വരെ പേടിച്ചു പോയി, തീവ്രവാദി ആക്രമണമാണെന്ന് അദ്ദേഹം ഭയന്നു കാണും: ശ്രീനിവാസന്‍

മമ്മൂട്ടിയുടെ അലര്‍ച്ച കേട്ട് രാഷ്ട്രപതി വരെ പേടിച്ചു പോയിട്ടുണ്ടെന്ന് നടന്‍ ശ്രീനിവാസന്‍. എസ്.എന്‍ സ്വാമി സംവിധാനം ചെയ്യുന്ന ‘സീക്രട്ട്’ സിനിമയുടെ ടൈറ്റില്‍ ലോഞ്ചിനിടെയാണ് ശ്രീനിവാസന്‍ സംസാരിച്ചത്. ദേശീയ പുരസ്‌കാര വേദിയില്‍ അന്നത്തെ രാഷ്ട്രപതിയായിരുന്ന കെ.ആര്‍ നാരായണനെ മമ്മൂട്ടി ഞെട്ടിച്ച സംഭവമാണ് ശ്രീനിവാസന്‍ പറഞ്ഞത്.

”ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ച വര്‍ഷം മമ്മൂട്ടിക്കും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. അവാര്‍ഡ് സ്വീകരിക്കുന്നതിന്റെ തലേ ദിവസം പ്രസിഡന്റിന്റെ കയ്യില്‍ നിന്നും പുരസ്‌കാരം വാങ്ങുന്നതിന്റെ റിഹേഴ്‌സല്‍ ഉണ്ടാകാറുണ്ട്. എങ്ങനെ ചെല്ലണം, അനാവശ്യ സംസാരം ഒഴിവാക്കണം എന്നീ കാര്യങ്ങള്‍ ആ റിഹേഴ്‌സലില്‍ പുരസ്‌കാര ജേതാക്കള്‍ക്ക് പറഞ്ഞു കൊടുക്കും.”

”പിറ്റേന്ന് പുരസ്‌കാരദാനച്ചടങ്ങില്‍ ജേതാക്കളെ കുറിച്ച് അവതാരക സംസാരിക്കും. മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുന്ന സമയം അവതാരക പറഞ്ഞു ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് ഈ പുരസ്‌കാരം ലഭിക്കുന്നതെന്ന്. അതുകേട്ട മമ്മൂട്ടി നോ എന്ന് ഉറക്കെ അലറിവിളിച്ചു. തനിക്ക് മൂന്നാമത്തെ തവണയാണ് ഈ പുരസ്‌കാരം ലഭിക്കുന്നതെന്ന് പറഞ്ഞാണ് മമ്മൂട്ടി സീറ്റില്‍ ഇരുന്നത്.”

”കെ.ആര്‍ നാരായണന്‍ ആയിരുന്നു അന്നത്തെ പ്രസിഡന്റ്. അദ്ദേഹം ഈ അലര്‍ച്ച കേട്ട് പേടിച്ചു പോയി. വല്ല തീവ്രവാദി ആക്രമണവുമാണോ എന്ന് അദ്ദേഹം ഭയന്നു കാണും. പിന്നീട് പുരസ്‌കാരം വാങ്ങാന്‍ പോയപ്പോള്‍ പ്രസിഡന്റ് മമ്മൂട്ടിയോട് എന്തോ സംസാരിക്കുന്നുണ്ടായിരുന്നു. എന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ എന്നെങ്ങാനും ആയിരിക്കണം ആ പറഞ്ഞത്.”

”ഞാന്‍ കേട്ടില്ല, പക്ഷേ സോറി സര്‍ എന്ന് മമ്മൂട്ടി പറഞ്ഞതായി എനിക്ക് തോന്നി. മൂന്ന് തവണ എന്നതിന് പകരം രണ്ട് തവണ എന്ന് പറഞ്ഞതിന് ഇത്രയും ഒച്ച വെക്കണമായിരുന്നുവോ എന്നാണ് എന്റെ സംശയം” എന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്.