അന്ന് കണ്ണി ചിമ്മാന്‍ പോലും മറന്നു പോയി, ഇപ്പോള്‍ ലാലേട്ടന്‍ എന്നെ സഹോദരിയായി കാണുന്നു: ദുര്‍ഗ കൃഷ്ണ

മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള അവസരം കിട്ടിയ സന്തോഷം പങ്കുവച്ച് നടി ദുര്‍ഗ കൃഷ്ണ. ജീത്തു ജോസഫ് ഒരുക്കുന്ന റാം സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിനെ കുറിച്ചാണ് ദുര്‍ഗ കൃഷ്ണ പറയുന്നത്. പ്രിയ താരത്തിനൊപ്പമുള്ള ആദ്യ പ്രൊജക്റ്റ് കൂടിയായതിനാല്‍, താന്‍ ഒരു സ്വപ്നലോകത്തിലായിരുന്നുവെന്ന് താരം പറയുന്നു.

താന്‍ അദ്ദേഹത്തെ ആദ്യമായി കണ്ടത് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. കണ്ണിമ ചിമ്മാന്‍ പോലും മറന്നുപോയി. പിന്നീട് തനിക്ക് ലാലേട്ടനുമായി ഒരു സൗഹൃദം വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞു. അദ്ദേഹവും തന്നെ ഒരു സഹോദരിയായി കാണുന്നു. ഇപ്പോള്‍ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാനും അവസരം ലഭിച്ചു.

ഇതില്‍ കൂടുതല്‍ തനിക്ക് ആഗ്രഹിക്കാന്‍ കഴിയില്ല. ഷൂട്ടിംഗ് ലൊക്കേഷനില്‍ താന്‍ ഒരേസമയം ആവേശത്തിലും ആശങ്കയിലുമായിരുന്നു. അദ്ദേഹത്തോട് വളരെയധികം ആരാധന ഉള്ളതുകൊണ്ടു തന്നെ കഥാപാത്രമായി മാറാന്‍ കഴിയുമോ എന്നതായിരുന്നു ആശങ്ക. എന്നാല്‍ സെറ്റിലെത്തിയതോടെ അതെല്ലാം മാറി.

ലാലേട്ടനില്‍ നിന്ന് ഞാന്‍ ഒരുപാട് പഠിച്ചു. അദ്ദേഹം സിനിമയെ സമീപിക്കുന്ന രീതി, കഥാപാത്രമായി മാറുന്ന രീതി അങ്ങനെ ഒരുപാട്. ഒരു കലാകാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ലാലേട്ടന്‍ സെറ്റില്‍ എങ്ങനെയാണെന്ന് നിരീക്ഷിക്കാന്‍ തനിക്ക് കഴിഞ്ഞു. ഒരു തരത്തില്‍ മാസ്റ്റര്‍ ക്ലാസ് തന്നെയായിരുന്നു എന്നും ദുര്‍ഗ കൃഷ്ണ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.