'മലയാളത്തിലെ മുന്‍നിര നടിയാണെന്ന ഭാവമൊന്നും മഞ്ജുവിനില്ല, അവരേക്കാള്‍ നന്നായി ഈ കഥാപാത്രത്തെ അവതരിപ്പിക്കാനും മറ്റാര്‍ക്കും കഴിയില്ല'; വെട്രിമാരന്‍

തമിഴകത്തിന്റെ ഹിറ്റ് കുട്ടുകെട്ടാണ് വെട്രിമാരന്‍- ധനുഷ്. ഇരുവരും ഒന്നിച്ചപ്പോള്‍ പിറന്നത് മികച്ച ചിത്രങ്ങളായിരുന്നു. ഇവരുടെ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് അസുരന്‍. ധനുഷ് നായകനാകുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യരാണ്. മഞ്ജുവിന്റെ തമിഴ് സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. ഷൂട്ടിംഗ് പുരോഗമിക്കവേ മഞ്ജു വാര്യരെ വാനോളം പുകഴ്ത്തി രംഗത്തു വന്നിരിക്കുകയാണ് സംവിധായകന്‍ വെട്രിമാരന്‍. മഞ്ജു വാര്യര്‍ സിനിമയില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചത് വലിയ അംഗീകാരമായി കരുതെന്നും അവരേക്കാള്‍ നന്നായി ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റാര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറയുന്നു.

“സിനിമയുടെ ഏകദേശ രൂപം പറഞ്ഞപ്പോള്‍ തന്നെ, ചെയ്യാം എന്ന് മഞ്ജു സമ്മതിച്ചു. വളരെ ഉത്സാഹത്തോടെ വന്ന് ഷൂട്ടിംഗ് തീര്‍ത്തതിനു ശേഷം മാത്രമേ അവര്‍ കാരവാനിലേക്ക് മടങ്ങി പോകൂ. എല്ലാവരോടും തികഞ്ഞ സ്‌നേഹത്തോടെയും സൗമ്യതയോടെയുമാണ് മഞ്ജുവിന്റെ ഇടപെടല്‍. മലയാളത്തിലെ മുന്‍നിര നടിയാണെ ഭാവമൊന്നും അവര്‍ക്കില്ല. ചിത്രത്തിലെ കഥാപാത്രത്തെ മഞ്ജു വളരെ നന്നായാണ് അവതരിപ്പിച്ചിരിക്കുന്നത്”. തമിഴിലെ വികടന്‍ എന്ന മാസികയുമായുള്ള അഭിമുഖത്തില്‍ വെട്രിമാരന്‍ പറഞ്ഞു.

ചിത്രത്തില്‍ ധനുഷിന്റെ ഭാര്യയായാണ് മഞ്ജു വേഷമിടുന്നത്. “പൊല്ലാതവന്‍”, “ആടുകളം”, “വടചെന്നൈ” എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷ്-വെട്രിമാരന്‍ കൂട്ടുകെട്ടിന്റെ നാലാമത് ചിത്രമാണ് അസുരന്‍. “വെക്കൈ” എന്ന തമിഴ് നോവലിന്റെ സിനിമാ ആവിഷ്‌കാരമാണ് “അസുരന്‍”. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തു വന്നിരുന്നു. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താനുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.