ഫഹദ് ഫാസിലിന് മുൻപ് നായകനടന് രൂപം ഒരു പ്രശ്നമല്ലെന്ന് തെളിയിച്ച നടൻ ആരെന്ന് പറഞ്ഞ് സംവിധായകൻ വാസുദേവ് സനൽ. ഫഹദിനെ നായകനാക്കി ഗോഡ്സ് ഓൺ കൺട്രി എന്ന സിനിമ ഒരുക്കിയ സംവിധായകനാണ് വാസുദേവ് സനൽ. ഫഹദിനൊപ്പം ലാൽ, ഇഷ തൽവാർ, മൈഥിലി തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ഫഹദ് സ്റ്റാർഡത്തിലേക്ക് കടക്കുന്ന സമയത്താണ് ഈ സിനിമ ചെയ്യുന്നതെന്ന് വാസുദേവ് സനൽ പറയുന്നു. പുതിയ ജനറേഷൻ സിനിമയിൽ തിരുത്തലുകൾ കൊണ്ടുവരുന്ന കാലഘട്ടത്തിൽ രൂപം ഒരു വിഷയമല്ലെന്ന് തെളിയിച്ച നടനാണ് ഫഹദ്. എന്നാൽ ഫഹദിന് മുന്നേ മേക്കപ്പിലോ ഫിസിക്കിലോ ഒരു വ്യതിയാനവും വരുത്താതെ അഭിനയിച്ച നടൻ ഭരത് ഗോപിയാണെന്ന് സംവിധായകൻ കൂട്ടിച്ചേർത്തു. മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘ഫഹദ് ഒരു സ്റ്റാർഡത്തിലേക്ക് നീങ്ങുന്ന സമയത്താണ് ഗോഡ്‌സ് ഓൺ കൺട്രി എന്ന സിനിമ ചെയ്യുന്നത്. അന്നത്തെ പുതിയ ജനറേഷനിലെ അഭിനേതാക്കളെല്ലാം മികച്ചവരാണെന്ന് പ്രൂവ് ചെയ്ത സമയമായിരുന്നു അത്. ഫഹദ് ആണെങ്കിൽ ഏത് കഥാപാത്രവും ഗംഭീരമായി ചെയ്യാൻ സാധിക്കുന്ന അഭിനേതാവായിരുന്നു. വേറെ തന്നെയൊരു ബോഡി ലൈനും വേറെയൊരു റെന്ററിങ്ങുമായിരുന്നു അന്ന് ഫഹദിന് ഉണ്ടായിരുന്നത്. കാരണം കഷണ്ടിയുള്ള നടനാണ് ഫഹദ് ഫാസിൽ. അയാൾ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. സിനിമയിൽ പിന്നെ പതിയെ അതൊന്നും ഒരു പ്രശ്‌നമല്ലാതെയായി. രൂപം ഒരു പ്രശ്‌നമല്ലെന്ന രീതിയായി.
Read more
പക്ഷെ രൂപം ഒരു പ്രശ്‌നമല്ലെന്ന് സിനിമയിൽ മുമ്പേ തന്നെ തെളിയിച്ചത് ഭരത് ഗോപിയാണ്. മേക്കപ്പിലോ ഫിസിക്കിലോ ഒരു വ്യതിയാനവും വരുത്താതെയാണ് അദ്ദേഹം അഭിനയിച്ചത്. അഡീഷണൽ മേക്കപ്പ് കൊണ്ടോ കോസ്റ്റിയൂം കൊണ്ടോ അദ്ദേഹം സ്വയം മാറിയില്ല. ഏത് രീതിയിലാണോ അദ്ദേഹം കഴിഞ്ഞ സിനിമയിൽ വന്നത്, അതേപോലെ തന്നെയാകും അടുത്ത സിനിമയിലും വരുന്നത്. പക്ഷെ കഥാപാത്രങ്ങൾ രണ്ടും തമ്മിൽ വലിയ വ്യത്യാസമാകും’, വാസുദേവ് സനൽ പറഞ്ഞു.