മോഹൻലാലിനോട് കഥ പറയാൻ വേണ്ടി കുറേ അലഞ്ഞു, കേട്ടപ്പോൾ വലിയ താൽപര്യം കാണിച്ചില്ല; സൂപ്പർഹിറ്റ് ചിത്രത്തെ കുറിച്ച് സിബി മലയിൽ

മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. മമ്മൂട്ടി, മോഹൻലാൽ തുടങ്ങീ സൂപ്പർ താരങ്ങളും യുവതാരങ്ങളുമടക്കം നിരവധിപേരെ തന്റെ കഥാപാത്രങ്ങളായി  സിബി മലയിൽ തിരഞ്ഞെടുത്തിട്ടുണ്ട്.

ഇപ്പോഴിതാ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ‘കിരീടം’ സിനിമയും അതുമായി ബന്ധപ്പെട്ട് മോഹൻലാലിനോട് കഥ പറയാൻ പോയ സാഹചര്യവും തുറന്നുപറയുകയാണ് സംവിധായകൻ സിബി മലയിൽ.

“മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാമെന്ന് ഞാനും ലോഹിതദാസും വിചാരിച്ചിരിക്കുമ്പോഴാണ് നിർമ്മാതാക്കളായ ഉണ്ണി, ദിനേശ് പണിക്കർ എന്നിവർ ചേർന്ന് ഒരു സിനിമയെടുക്കാനായി ഞങ്ങളെ സമീപിക്കുന്നത്. ഞാനും ലോഹിതദാസും ചേർന്നൊരു സിനിമ തന്നെയായിരുന്നു അവർക്ക് ആവശ്യം. അതുകൊണ്ട് തന്നെ കിരീടത്തിന്റെ കഥ ഞങ്ങൾ അവരോട് പറഞ്ഞു.

A Fruitful Friendship: Mohanlal and Sibi Malayil- The New Indian Express

മോഹൻലാലും ഉണ്ണിയും കോളേജ്മേറ്റ്സ് ആയതകൊണ്ട് തന്നെ ഡേറ്റ് വാങ്ങിക്കുന്നത് എല്ലാം അവരുടെ ജോലിയായിരുന്നു. ഞാനും ലോഹിയും ആ സമയത്ത് തിരക്കഥയുടെ മാറ്റങ്ങളും മറ്റുമായി മുന്നോട്ടുപോയി. അങ്ങനെ മോഹൻലാലിനോട് കഥപറയുന്ന ഘട്ടം വന്നപ്പോൾ അദ്ദേഹത്തെ കാണാൻ പല സ്ഥലങ്ങളിലും പോയി. എന്നാൽ അതൊന്നും സാധ്യമായില്ല അദ്ദേഹത്തിന് വലിയ തിരക്കുകളായിരുന്നു. കഥ കേൾക്കുന്നതിന് മുന്നെ തന്നെ ഈ സിനിമയിൽ അദ്ദേഹം വലിയ താല്പര്യം കാണിച്ചില്ല.

സ്വന്തം തിരക്കുകളെ കുറിച്ചും ഒരു വർഷത്തേക്ക് കമ്മിറ്റഡ് ആണെന്നും പറഞ്ഞു. കഥ പറയാൻ പോയി പലപ്പോഴും നിരാശയോടെ ഞാനും ലോഹിയും തിരിച്ചുവന്നിട്ടുണ്ട്. ഒരു ഘട്ടം കഴിഞ്ഞപ്പോൾ എനിക്ക് തോന്നി ഞാനാണ് ഈ സിനിമ മുന്നോട്ട് കൊണ്ടുപോവാൻ തടസമാവുന്ന ഘടകമെന്ന്. ഒരു പക്ഷേ മോഹൻലാലിന് എന്റെ കൂടെ വർക്ക് ചെയ്യാൻ താല്പര്യം കാണില്ല എന്ന് കരുതി. അതുകൊണ്ട് മറ്റൊരു സംവിധായകനെ കണ്ടെത്തി മുന്നോട്ട് പോവാൻ ഞാൻ എല്ലാവരോടും പറഞ്ഞു. എന്നാൽ നിർമ്മാതാക്കൾക്ക് ഞാനില്ലാതെ ഈ സിനിമ ചെയ്യാൻ താല്പര്യമില്ലായിരുന്നു.

Kireedam (1989) - IMDb

അങ്ങനെ മോഹൻലാൽ തിരുവനന്തപുരത്തുള്ള ഒരു ദിവസം ഉണ്ണി അദ്ദേഹത്തെ കണ്ട് കഥ പറയാൻ സമയം ചോദിച്ചു. അങ്ങനെ ഞങ്ങളെല്ലാവരും കൂടി പോയി മോഹൻലാലിനോട് കഥ പറഞ്ഞു. കഥ പറഞ്ഞുതുടങ്ങിയപ്പോൾ വലിയ താൽപര്യം കാണിച്ചില്ല. കഥ കേട്ടുകഴിഞ്ഞതും ഈ സിനിമ പെട്ടെന്ന് തന്നെ ചെയ്യാം എന്ന് പറഞ്ഞു. അങ്ങനെയാണ് കിരീടം എന്ന സിനിമയുണ്ടായത്.” കൌമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് സിബി മലയിൽ ഇങ്ങനെ പറഞ്ഞത്.

ഫാസിലിന്റെയും പ്രിയദർശന്റെയും സഹസംവിധായകനായി പ്രവർത്തിച്ചുകൊണ്ടാണ് സിനിമയിലേക്ക് സിബി മലയിൽ കടന്നു വരുന്നത്. 1985 ൽ പുറത്തിറങ്ങിയ ‘മുത്താരംകുന്ന് പി. ഒ’ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ആസിഫ് അലിയെ നായകനായെത്തിയ ‘കൊത്ത്’ എന്ന ചിത്രമാണ് സിബി മലയിലിന്റെ അവസാനമിറങ്ങിയ ചിത്രം.