'ആ സിനിമയ്ക്ക് നല്ല റിവ്യൂ ചെയ്യാന്‍ 25,000 രൂപ കൊടുത്തു , അടുത്ത സിനിമയ്ക്ക് അയാള്‍ 50,000 രൂപ ആവശ്യപ്പെട്ടു'; റിവ്യൂ നോക്കിയല്ല പ്രേക്ഷകര്‍ സിനിമയെ സമീപിക്കേണ്ടതെന്ന് റോഷന്‍ ആന്‍ഡ്രൂസ്

സിനിമയുടെ റിവ്യുവോ സ്റ്റാറോ നോക്കിയല്ല പ്രേക്ഷകര്‍ സിനിമയെ സമീപിക്കേണ്ടതെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. തിയേറ്ററില്‍ പോയി തന്നെ പ്രേക്ഷകന്‍ സിനിമ കാണണമെന്നും നിങ്ങളുടെ ഉള്ളിലെ ആ പ്രേക്ഷകന്‍ സിനിമയെ വിലയിരുത്തട്ടെ എന്നും ജെബി ജംഗഷനില്‍ റോഷന്‍ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. ഈ സംവിധായകന്റെ അല്ലെങ്കില്‍ ഈ നടന്റെ സിനിമ കാണണം എന്ന ചിന്തയാണ് ഒരു കാലത്ത് പ്രേക്ഷകനെ തിയേറ്ററുകളിലെത്തിച്ചിരുന്നെന്നും ഇന്ന് ആ അവസ്ഥയല്ല ഉള്ളതെന്നും റോഷന്‍ പറയുന്നു.

“മുംബൈ പൊലീസ് ഗേ വിഷയമായ ഒരു ചിത്രമായിരുന്നു. ഈ ചിത്രം ഇറങ്ങിയപ്പോല്‍ ചില ചാനലുകള്‍ അതിന്റെ ക്ലൈമാക്‌സിനെ കുറിച്ച് പറഞ്ഞു. ഞാന്‍ പറഞ്ഞു അത് പറയരുത്. അതിനു ശേഷം ഒരാള്‍ വിളിച്ചിട്ട് 25,000 രൂപ തന്നാല്‍ സിനിമയെ കുറിച്ച് നല്ല റിവ്യൂ എഴുതാമെന്ന് പറഞ്ഞു. ആദ്യ ദിവസം സിനിമയ്ക്ക് കൂവലൊക്കെ ഉണ്ടായതിനാല്‍ നിര്‍മ്മാതാവിനെ സേവ് ചെയ്യാന്‍ ഞാന്‍ 25,000 രൂപ ചോദിച്ചയാള്‍ക്ക് കൊടുക്കാന്‍ ഞാന്‍ പ്രൊഡ്യൂസറോട് ആവശ്യപ്പെട്ടു. പിന്നെ എന്റെ അടുത്ത ചിത്രം ഹൗ ഓള്‍ഡ് ആര്‍ യു വന്നപ്പോള്‍ അയാള്‍ വിളിച്ചിട്ട് എന്നോട് റിവ്യൂ എഴുതുന്നതിന് 50,000 രൂപ ആവശ്യപ്പെട്ടു. ഞാന്‍ പറഞ്ഞു തരാന്‍ പറ്റില്ല. പെയ്ഡ് റിവ്യൂ വെച്ച് ഈ സിനിമ ഓടണ്ട എന്നു ഞാന്‍ വിചാരിച്ചു. തുടര്‍ന്ന് ആയാള്‍ ചിത്രത്തിന് കുറഞ്ഞ റേറ്റാണ് തന്നത്.”

“ഇത്തരം കാര്യങ്ങള്‍ കേരളത്തിലെ പ്രേക്ഷകന്‍ മനസിലാക്കണം. റിവ്യൂവും ചിത്രത്തിന് കിട്ടിയ മാര്‍ക്കും നോക്കിയല്ല സിനിമ കാണാന്‍ പോകേണ്ടത്. നിങ്ങള്‍ തിയേറ്റര്‍ പോയി സിനിമ കണ്ട്, ശേഷം നിങ്ങള്‍ അത് വിലയിരുത്തുക. മലയാള പത്രങ്ങളോ ചാനലുകളോ ഇത് പൊതുവേ ചെയ്യാറില്ല ഇംഗ്ലീഷ് പത്രങ്ങളാണ് പ്രധാനമായും ഇങ്ങനെ ചെയ്യുന്നത്. ഭരതവും ഹിസ് ഹൈനസ് അബ്ദുള്ളയുമൊക്കെ റിവ്യൂവും റേറ്റ്‌സും നോക്കിയല്ല പ്രേക്ഷകര്‍ കണ്ടത്. ഈ സംവിധായകന്റെ അല്ലെങ്കില്‍ ഈ നടന്റെ സിനിമ കാണണം എന്ന ചിന്തയാണ് അവനെ കൊണ്ടു പോയത്. ഇന്ന് ആ അവസ്ഥയല്ല ഉള്ളത്. റിവ്യൂസും റേറ്റ്‌സുമാണ് പ്രേക്ഷകനെ നിയന്ത്രിക്കുന്നത്.” റോഷന്‍ പറഞ്ഞു.