ഇന്നത്തെ ചില സിനിമകള്‍ കാണുമ്പോള്‍ എന്നെപ്പോലുള്ളവര്‍ വിരമിക്കേണ്ട സമയമായി എന്ന് തോന്നാറുണ്ട്: പ്രിയദര്‍ശന്‍

അടുത്ത കാലത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ്, ഹെലന്‍ തുടങ്ങിയ ചിത്രങ്ങള്‍ തന്നെ ഏറെ അതിശയിപ്പിച്ചുവെന്ന സംവിധായകന്‍ പ്രിയദര്‍ശന്‍. സിനിമ പുതിയ കാലഘട്ടത്തില്‍ ഏറെ മികച്ചതായി തോന്നുന്നെന്നും ചില സിനിമകള്‍ കാണുമ്പോള്‍ എന്നെപ്പോലുള്ളവര്‍ വിരമിക്കേണ്ട സമയമായി എന്ന് തോന്നാറുണ്ടെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“ഇന്നത്തെ സംവിധായകര്‍ പ്രതിഭകളാണ്. കുമ്പളങ്ങി നൈറ്റ്സ്, ഹെലന്‍ തുടങ്ങിയ സിനിമ കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു, എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ സാധിക്കാത്തത് എന്ന്. മലയാള സിനിമയിലെ കഥയും അഭിനയവുമെല്ലാം വളരെ റിയലിസ്റ്റിക്കായി. എന്നെപ്പോലുള്ള ആളുകള്‍ വിരമിക്കേണ്ട സമയമായി എന്ന് പോലും തോന്നാറുണ്ട്.” പ്രിയദര്‍ശന്‍ പറഞ്ഞു.

ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ടവയില്‍ വെച്ച് ഏറ്റവും മികച്ച ടെക്നിക്കല്‍ ബ്രില്ലന്റ് ചിത്രമായിരിക്കും മരക്കാര്‍ എന്നും പ്രിയദര്‍ശന്‍ അവകാശപ്പെട്ടു. ആരാധകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രം മാര്‍ച്ച് 26- നാണ് തിയേറ്ററുകളിലെത്തുക.