'വിജയ് സേതുപതിയെ പോലെ ഒരുപാട് കഷ്ടപ്പെട്ട നടന്‍'; ജോജുവിനെ കുറിച്ച് കാര്‍ത്തിക് സുബ്ബരാജ്

നടന്‍ ജോജു ജോര്‍ജിന്റെ അഭിനയം ആകര്‍ഷിച്ചതായി സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്. ജഗമേ തന്തിരം ചിത്രത്തിലെ കഥാപാത്രത്തിനായി ജോജുവിനെ കണ്ടെത്തിയതിനെ കുറിച്ചാണ് കാര്‍ത്തിക് സുബ്ബരാജ് വെളിപ്പെടുത്തിയത്. ജോസഫ്, ചോല സിനിമകളിലെ ജോജുവിന്റെ അഭിനയം തന്നെ ആകര്‍ഷിച്ചുവെന്ന് സംവിധായകന്‍ പറയുന്നു.

ജോജു ചെയ്യുന്ന കഥാപാത്രത്തിനായി ഒരുപാട് താരങ്ങളെ ആലോചിച്ചിരുന്നു. പലരോടും സംസാരിക്കുകയും ചെയ്തു. പിന്നീടാണ് ജോജുവിന്റെ ചോല സിനിമയും തുടര്‍ന്ന് ജോസഫ് എന്ന ചിത്രവും കണ്ടത്. ഈ രണ്ടു സിനിമകളിലെയും പ്രകടനം വളരെ മികച്ചത് ആയിരുന്നു.

പ്രത്യേകിച്ച് ജോസഫിലെ ആ ഗെറ്റപ്പും, കുറച്ചു പ്രായമായ റിട്ടയേര്‍ഡ് പോലീസ് ഓഫീസറായുള്ള അഭിനയ രീതിയുമൊക്കെ ഒരുപാട് ആകര്‍ഷിച്ചു. അങ്ങനെയാണ് തങ്ങള്‍ ജോജുവിലേക്ക് എത്തുന്നത് എന്ന് കാര്‍ത്തിക് സുബ്ബരാജ് പറയുന്നു.

ജോജുവിന്റെ ജീവിതം തന്നെ വലിയൊരു കഥയാണ്. വിജയ് സേതുപതിയെ പോലെ ഒരുപാട് കഷ്ട്ടപ്പെട്ട്, വര്‍ഷങ്ങളോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്ത ശേഷമാണ് അദ്ദേഹം മുന്‍ നിരയിലേക്ക് എത്തുന്നത്. വല്ലാത്തൊരു അഭിനേതാവാണ്. ഈ സിനിമയിലെ അദ്ദേഹത്തിന്റെ പ്രകടനവും അതിഗംഭീരമാണ്. തങ്ങളെയൊക്കെ ഞെട്ടിച്ചു കളഞ്ഞു.

ചിത്രം റിലീസ് ചെയ്താല്‍ നിങ്ങളും അത്ഭുതപ്പെടും. എല്ലാത്തിലും ഉപരി വളരെ നല്ല ഒരു മനുഷ്യനാണ്. സൂപ്പര്‍ കൂള്‍ ആയിട്ടുള്ള സ്വഭാവത്തിന് ഉടമയുമാണ്. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. ധനുഷ് നായകനാകുന്ന ജഗമേ തന്തിരത്തില്‍ ഐശ്വര്യ ലക്ഷമിയാണ് നായിക.