'ഗജിനി ആദ്യം ചെയ്യേണ്ടിയിരുന്നത് അജിത്ത്, രണ്ട് ദിവസം ഷൂട്ട് ചെയ്ത ഫുട്ടേജ് ഇപ്പോഴും കയ്യിലുണ്ട്'; വെളിപ്പെടുത്തി എ.ആർ മുരുഗദോസ്

സൂര്യയെ നായകനാക്കി എആർ മുരുകദോസ് സംവിധാനം ചെയ്ത ​ഗജിനി ഇന്നും സിനിമാപ്രേമികളുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്. 2005ൽ പുറത്തിറങ്ങിയ ഗജിനി പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരേപോലെ നേടിയെടുത്ത സിനിമയായിരുന്നു. പിന്നീട് ആമിർഖാനെ നായകനാക്കി മുരുഗദോസ് തന്നെ ​ഗജിനി ​ഹിന്ദിയിൽ റീമേക്ക് ചെയ്തിരുന്നു. ബോളിവു‍ഡിലും വലിയ വിജയമാണ് ചിത്രം നേടിയത്. ​ഗജിനി രണ്ട് ഭാഷകളിലും ഒരുക്കിയപ്പോൾ നടി അസിനാണ് സൂപ്പർതാരങ്ങളുടെ നായികയായത്.

അതേസമയം ‘ഗജിനി’യിൽ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് അജിത്തിനെയായിരുന്നുവെന്ന് പറയുകയാണ് മുരുഗദോസ്. തന്റെ എറ്റവും പുതിയ ചിത്രം ‘മദ്രാസി’യുടെ പ്രൊമോഷൻ സമയത്താണ് സംവിധായകൻ ഗജിനിയെ കുറിച്ച് മനസുതുറന്നത്. നാൻ കടവുൾ എന്ന ചിത്രം ചെയ്യാനായി ആ സമയത്ത് അജിത്ത് മുടി നീട്ടിവളർത്തിയിരുന്നുവെന്നും അതുകൊണ്ട് തലമൊട്ടയടിക്കാൻ സാധിച്ചില്ലെന്നും മുരുഗദോസ് പറഞ്ഞു.

Read more

“അജിത്കുമാറിനെ വച്ചാണ് ഗജിനി തുടങ്ങിയത്. എന്നാൽ മറ്റ് ചില ചിത്രങ്ങളും അദ്ദേഹത്തിന് ഒരേ സമയം ചെയ്യേണ്ടിയിരുന്നു. ആര്യ അഭിനയിച്ച നാൻ കടവുൾ എന്ന ചിത്രം ആദ്യമായി ചെയ്യേണ്ടിയിരുന്നത് അജിത്കുമാറായിരുന്നു. അതിനായി അദ്ദേഹം മുടി വളർത്തിക്കൊണ്ടിരുന്ന സമയമായതിനാൽ ഗജിനിക്ക് വേണ്ടി തല മൊട്ടയടിക്കാൻ സാധ്യമല്ലായിരുന്നു. അതാണ് പ്രധാന കാരണം. എന്നാൽ നോർമൽ ലുക്കിലുള്ള സഞ്ജയ് രാമസ്വാമിയെന്ന കഥാപാത്രമായി അദ്ദേഹം രണ്ട് ദിവസം അഭിനയിച്ച ഫുട്ടേജ് ഞാനിപ്പോഴും സൂക്ഷിച്ചിട്ടുണ്ട്”, മുരുഗദോസ് വെളിപ്പെടുത്തി.