'ദൃശ്യം 3 ത്രില്ലര്‍ ആയിരിക്കില്ല'; നാലാം ഭാഗം ഉണ്ടാവുമോ? സാധ്യതകളെ കുറിച്ച് മനസുതുറന്ന് ജീത്തു ജോസഫ്

സിനിമാപ്രേമികൾ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം 3. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങിയ ദൃശ്യത്തിന്റെ ആദ്യ രണ്ട് ഭാ​ഗങ്ങളും നൽകിയ ത്രിൽ മൂന്നാം ഭാ​ഗത്തിലും ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ജോർജ്ജുകുട്ടിയുടെയും കുടുംബത്തിന്റെയും അടുത്ത നീക്കം എന്താണെന്ന് അറിയാൻ ഉറ്റുനോക്കുകയാണ് പ്രേക്ഷകർ. അതേസമയം ദൃശ്യം മൂന്നാം ഭാഗം മുൻ ഭാഗങ്ങൾ പോലെ ത്രില്ലർ ആയിരിക്കില്ലെന്ന് പറയുകയാണ് സംവിധായകൻ ജീത്തു ജോസഫ്. മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കവെയാണ് സംവിധായകൻ സംസാരിച്ചത്.

ദൃശ്യം 3 ത്രില്ലർ ആയിരിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ജീത്തു ജോസഫ് പറയുന്നു. അത് കാണുമ്പോൾ നിങ്ങൾക്ക് മനസിലാകുമെന്നും സംവിധായകൻ പറഞ്ഞു. സംവിധായകൻ എന്ന നിലയിൽ തനിക്ക് വ്യത്യസ്തമായ സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം. ആദ്യത്തെ സിനിമ ഇൻവെസ്റ്റിഗേഷൻ ആയിരുന്നു. അത് കഴിഞ്ഞ് മമ്മി ആന്റ് മി ആണ്. പിന്നെ ചെയ്തത് മൈ ബോസ് ആണ്. ബ്രാന്റഡ് ആകണം എന്ന താൽപര്യം ഉണ്ടായിരുന്നില്ല. പക്ഷെ നിർഭാഗ്യവശാൽ മെമ്മറീസ് കഴിഞ്ഞ് ദൃശ്യം കൂടി വന്നപ്പോൾ ടാഗ് ചെയ്യപ്പെട്ടുവെന്നാണ് ജീത്തു പറയുന്നത്.

ദൃശ്യം ത്രീയുടെ പിറവിയ്ക്ക് പിന്നിലെ കഥയും ജീത്തു പങ്കുവച്ചു. ദൃശ്യം 2 കണ്ട് വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ലാൽ സാർ ചോദിച്ചു, മൂന്നാം ഭാഗത്തിനുള്ള സ്‌കോപ്പുണ്ടോ? എനിക്കറിയില്ല, പക്ഷെ മൂന്നാം ഭാഗം ഉണ്ടെങ്കിൽ ഇങ്ങനെ ആയിരിക്കണം അവസാനിക്കേണ്ടത് എന്ന് പറഞ്ഞു. ഇത് കൊള്ളാമല്ലോ എന്ന് ലാൽ സാർ പറഞ്ഞു. എനിക്കറിയില്ല, ക്ലൈമാക്‌സ് മാത്രമേയുള്ളൂ എന്ന് ഞാൻ പറഞ്ഞു. ഇത് നടക്കുന്നത് 2021 ൽ ആണ്. നാല് വർഷമെടുത്തു ദൃശ്യം ത്രീയിലേക്ക് എത്താനെന്ന് ജീത്തു പറഞ്ഞു.

Read more

നാലാം ഭാഗം വരുമോ എന്നറിയില്ല. മൂന്നിൽ നിന്നും നാലിലേക്ക് പോകാൻ സാധ്യതകൾ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടാകാം. പക്ഷെ ആ സാധ്യതകൾ എനിക്ക് കിട്ടിയിട്ടില്ലെന്നും ജീത്തു പറയുന്നുണ്ട്. ദൃശ്യം 2 കഴിഞ്ഞപ്പോഴും മൂന്നാം ഭാഗത്തിനുള്ള സാധ്യത എനിക്ക് കിട്ടിയിട്ടില്ലായിരുന്നു. സാധ്യത ഉണ്ടോ എന്ന് ചോദിച്ചാൽ മൂന്ന് വന്നെങ്കിൽ ഇങ്ങനെയൊക്കെ അവസാനിച്ചാൽ നല്ലതായിരിക്കുമെന്ന് വന്നു. അങ്ങനൊരു സാധ്യത വന്നപ്പോൾ മാത്രമാണ് ബ്ലോക്ക് ചെയ്തതെന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.