ദക്ഷിണേന്ത്യയിലേക്ക് മാറിയ ശേഷം മദ്യപാനം നിർത്തി, വിഷാദരോഗം മാറി, ഇപ്പോൾ ജീവിതം ആസ്വദിക്കുന്നു; വെളിപ്പെടുത്തി അനുരാ​ഗ് കശ്യപ്

ബോളിവുഡിനേക്കാൾ ദക്ഷിണേന്ത്യൻ സിനിമകളിൽ ഇപ്പോൾ കൂടുതൽ സജീവമായിട്ടുളള താരവും സംവിധായകനുമാണ് അനുരാ​ഗ് കശ്യപ്. ഹിന്ദി ഇൻഡസ്ട്രിയോടുളള താത്പര്യകുറവ് അടുത്തിടെ പരസ്യമായി തന്നെ അനുരാ​ഗ് പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ മുംബൈയിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചതിന്റെ കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ. ബോളിവുഡ് വളരെക്കാലമായി തന്നെ അവ​ഗണിക്കുകയാണെന്ന് അനുരാ​ഗ് കശ്യപ് പറയുന്നു. ദക്ഷിണേന്ത്യൻ സിനിമയിലേക്ക് മാറിയതിന് ശേഷം മദ്യപാനം ഉപേക്ഷിക്കാനും വിഷാദരോ​ഗം മാറ്റാനും തനിക്ക് കഴിഞ്ഞൂവെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

ഹിന്ദി സിനിമാ വ്യവസായത്തിന്റെ അന്തരീക്ഷം തന്നെ തളർത്തിയെന്നും വിഷാദത്തിലെത്തിച്ചെന്നും അനുരാ​ഗ് കശ്യപ് പറയുന്നു. ബോളിവുഡിന്റെ ബോക്സോഫിസ് കണക്കുകളോടുള്ള അമിതമായ അഭിനിവേശവും സിനിമകളുടെ ഗുണനിലവാരത്തിലെ ഇടിവും കണ്ട് തനിക്ക് മടുത്തു. ദക്ഷിണേന്ത്യയിലേക്ക് താമസം മാറിയ ശേഷം, മദ്യപാനം ഉപേക്ഷിച്ചുവെന്നും വ്യായാമം ചെയ്യാൻ തുടങ്ങിയെന്നും എക്കാലത്തേക്കാളും കൂടുതൽ എഴുതാൻ തുടങ്ങിയെന്നും കശ്യപ് പറഞ്ഞു.

Read more

കരിയർ തകർച്ചയിലാണെന്ന് കരുതി ചില സഹപ്രവർത്തകർ അകന്നു. ഈ സമയം, ഞാൻ ഒരു വിഷാദത്തിലേക്ക് പോയി. ഇപ്പോൾ അതിൽ നിന്ന് പുറത്തുവന്നു. ഇപ്പോൾ ഞാൻ എന്നെത്തന്നെ ആസ്വദിക്കുന്നു. ഹിന്ദി സിനിമകൾ കാണുന്നത് നിർത്തി. ആദ്യമായി സിനിമ ചെയ്യുന്നവരുടെ ധാരാളം സിനിമകൾ ഞാൻ കാണാൻ തുടങ്ങി. മലയാള സിനിമകൾ കൂടുതലായി കാണാൻ തുടങ്ങി. റൈഫിൾ ക്ലബ്ബിൽ പ്രവർത്തിച്ചത് തന്റെ സൃഷ്ടിപരമായ തീപ്പൊരി വീണ്ടും ജ്വലിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.