'പര്‍ദ്ദ ഇട്ടിട്ട് ആരെങ്കിലും മതിയോ? പോര പിപിഇ കിറ്റിന് അകത്താണെങ്കിലും എനിക്ക് ആക്ടര്‍ തന്നെ വേണം'; ദിലീഷ് പോത്തന്‍ പറയുന്നു

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത “ജോജി”ക്ക് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തില്‍ മുഖം കാണിക്കാതെ ദിലീഷ് പോത്തനും അഭിനയിച്ചിട്ടുണ്ട്. മുഖം കാണിക്കാത്ത സീന്‍ ആണെങ്കിലും അഭിനേതാക്കള്‍ തന്നെ സീനുകളില്‍ വേഷമിടണം എന്ന് തനിക്ക് നിര്‍ബന്ധമാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദിലീഷ് പോത്തന്‍.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രത്തില്‍ നടി ഉണ്ണിമായ പര്‍ദ്ദ ഇട്ട് അഭിനയിച്ചതിനെ കുറിച്ചും ജോജിയില്‍ പിപിഇ കിറ്റ് ധരിച്ച് ഡിവൈഎസ്പി ആയി വേഷമിട്ട മധുവിനെ കുറിച്ചുമാണ് ദിലീഷ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. മുഖം കാണുന്നുണ്ടോ എന്നതല്ല ക്യാരക്ടര്‍ ചെയ്യുന്നത് ആക്ടറാകണമെന്നു തനിക്ക് നിര്‍ബന്ധമുണ്ടെന്ന് ദിലീഷ് പറയുന്നു.

“”തൊണ്ടിമുതലില്‍ പര്‍ദ്ദ ഇട്ടിട്ടുള്ള ഒരു കഥാപാത്രം ഉണ്ണിമായ ചെയ്തിരുന്നു. ഷൂട്ടിന്റെ സമയത്ത് എന്നോട് ചോദിച്ചു, “പര്‍ദ്ദ ഇട്ടിട്ട് ആരെങ്കിലും മതിയോ” എന്ന്. അത് പോര എനിക്ക് ആക്ടര്‍ തന്നെ വേണം” എന്ന് പറഞ്ഞു. മുഖം കാണുന്നുണ്ടോ ഇല്ലയോ എന്നല്ല, ആ ക്യാരക്ടര്‍ ചെയ്യുന്നത് ആക്ടറാകണമെന്നു എനിക്ക് നിര്‍ബന്ധമുണ്ട്.””

“”ഒരു ആക്ടറെ അഭിനയിക്കാന്‍ വിളിച്ചിട്ട് മുഖം കാണില്ല എന്ന് പറയുന്നത് അല്‍പം പ്രയാസമുള്ള കാര്യമാണ്. ജോജിയുടെ ക്ലൈമാക്‌സിന്റെ എന്‍ഡില്‍ പിപിഇ കിറ്റ് ധരിച്ചു വരുന്ന ഡോക്ടര്‍മാരെ കാണിക്കുന്നുണ്ട്. പിപിഇ കിറ്റിന് അകത്താണെങ്കിലും ഒരു ആക്ടര്‍ വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ആ സീനില്‍ ഡിവൈഎസ് പി ആയി ചെയ്തിരിക്കുന്നത് തൊണ്ടിമുതലില്‍ ഡിവൈഎസ്പി ആയി അഭിനയിച്ചിട്ടുള്ള മധു സാറാണ്.””

Read more

“”മധുസാറിനോട് ഞാന്‍ പറഞ്ഞത്, “മുഖം ഒന്നും ഉണ്ടാവില്ല… ശരീരം മാത്രമേ ഉള്ളൂ,” എന്നായിരുന്നു. “എന്തെങ്കിലും ആകട്ടെ ശരീരമെങ്കില്‍ ശരീരം” എന്ന് പറഞ്ഞാണ് മധു സാര്‍ വന്നത്. ഒരു പിപി കിറ്റില്‍ ഞാന്‍… മറ്റൊന്നില്‍ മധു സര്‍… ഞങ്ങള്‍ക്കൊപ്പം അതേ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത് എന്റെ കോ-ഡയറക്ടര്‍ റോയ് ആണ്”” എന്നും ദിലീഷ് പോത്തന്‍ വ്യക്തമാക്കി