ഷൂട്ടിംഗിന്റെ അടുത്ത് വരെ എത്തിയപ്പോള്‍ ആ സിനിമകള്‍ ഉപേക്ഷിച്ചു, ഒളിച്ചോടാനായിരുന്നെങ്കില്‍ പണ്ടേ ഒളിച്ചോടേണ്ട ആളാണ്: ദിലീഷ് പോത്തന്‍

റിയലിസ്റ്റിക് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച താരമാണ് ദിലീഷ് പോത്തന്‍. സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും തിളങ്ങുന്ന ദിലീഷ് നിര്‍മ്മാണരംഗത്തും സജീവമാണ്. പല സിനിമകളും ഷൂട്ടിംഗ് വരെ എത്തി താന്‍ ഉപേക്ഷിച്ചിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് ദിലീഷ്.

എല്ലാതരം സിനിമകളും ചെയ്യണമെന്നാണ് ആഗ്രഹം. സാഹചര്യങ്ങള്‍ അനുകൂലമായി വന്നതുകൊണ്ട് റിയലിസ്റ്റിക് സിനിമകള്‍ ചെയ്തുവെന്നു മാത്രം. തനിക്ക് ഇഷ്ടപ്പെട്ടവയാണ് താന്‍ ചെയ്യുന്നത്. ഷൂട്ടിംഗിന്റെ അടുത്തെത്തിയ ശേഷം തൃപ്തി പോരാത്തതിന്റെ പേരില്‍ ഉപേക്ഷിച്ച സിനിമകള്‍ പോലുമുണ്ട്.

ഓരോ സിനിമയും ഓരോ ശ്രമങ്ങളാണ്. ചില ശ്രമങ്ങള്‍ വിജയിക്കും, ചിലത് പരാജയപ്പെടും. ശ്രമിക്കുക എന്നതാണ് തന്റെ പോളിസി. പരാജയത്തില്‍ നിന്ന് ഒളിച്ചോടാനായിരുന്നെങ്കില്‍ പണ്ടേ ഒളിച്ചോടേണ്ടയാളാണ് താന്‍. തനിക്ക് ചെയ്യാന്‍ കഴിയുന്ന സിനിമയാണെന്നു തോന്നിയാല്‍ ഏതു ചിത്രവും ചെയ്യും.

ചില ടൈപ്പുകള്‍ മാത്രമേ ചെയ്യൂ എന്ന് ഒരു പിടിവാശിയുമില്ല. താരങ്ങള്‍ക്ക് മുന്‍കൂട്ടി സീന്‍ വായിക്കാന്‍ നല്‍കാറില്ല. അവര്‍ക്ക് ഡയലോഗ് പറഞ്ഞു കൊടുക്കുകയും സാഹചര്യം വിവരിക്കുകയുമാണ് ചെയ്യുന്നത്. അഭിനയം റിയലാകാന്‍ ഇതാണ് ബെസ്റ്റ് എന്നാണ് ദിലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ജിബൂട്ടി ആണ് ദിലീഷ് പോത്തന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്. ഭീഷ്മ പര്‍വ്വം, കള്ളന്‍ ഡിസൂസ, കടുവ എന്നിവയാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്. പട, പ്രകാശന്‍ പറക്കട്ടെ, തങ്കം, ശലമോന്‍, വിക്രം, 9 എംഎം എന്നീ ചിത്രങ്ങളും നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.